അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് ജൂണ്‍ 13ന് ധര്‍മശാലയില്‍ തുടക്കമാകും. പരമ്പരയില്‍ ഏവരുടെയും ശ്രദ്ധാ കേന്ദ്രം ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയാണ്. ആദ്യ മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ താരത്തെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്.
ഓപ്പണര്‍ എന്ന നിലയില്‍ ഇന്ത്യയ്ക്ക് വേണ്ടി 16000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് രോഹിത്തിന് സാധിക്കുക. ഇതിനായി രോഹിത്തിന് ഇനി വെറും ആറ് റണ്‍സിന്റെ ദൂരം മാത്രമാണുള്ളത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ എന്ന നിലയില്‍ 16000 റണ്‍സ് എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ഒരേയൊരു താരം വിരേന്ദര്‍ സെവാഗാണ്. 16119 റണ്‍സാണ് സെവാഗ് ഓപ്പണറായി അടിച്ചെടുത്തത്. നിലവില്‍ രോഹിത് 15994 റണ്‍സാണ് നേടിയത്. വരും മത്സരത്തില്‍ താരം ഈ സൂപ്പര്‍ നേട്ടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
അതേസമയം രോഹിത് ശര്‍മ പരിക്ക് മൂലം പരമ്പരയില്‍ ഉണ്ടാകാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ടീമിനൊപ്പം താരം ചേര്‍ന്നുവെന്നാണ് പുതിയ വിവരം. അതേസമയം പരമ്പരയില്‍ നിന്ന് വിരാട് കോഹ്‌ലിയും ഹര്‍ദിക്ക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും പുറത്തായിട്ടുണ്ട്.