ഗില്‍ക്രിസ്റ്റിനൊപ്പമെത്തിയും ഗില്ലിയെ വെട്ടിയും ചരിത്രം; ടെസ്റ്റില്‍ പന്തിന്റെ തേരോട്ടം അവസാനിക്കുന്നില്ല
Sports News
ഗില്‍ക്രിസ്റ്റിനൊപ്പമെത്തിയും ഗില്ലിയെ വെട്ടിയും ചരിത്രം; ടെസ്റ്റില്‍ പന്തിന്റെ തേരോട്ടം അവസാനിക്കുന്നില്ല
ആദർശ് എം.കെ.
Tuesday, 18th August 2026, 9:49 pm

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് അവസാനത്തിലേക്കടുക്കുകയാണ്. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 എന്ന നിലയിലാണ് ശ്രീലങ്ക.

സ്‌കോര്‍ (നാലാം ദിനം അവസാനിക്കുമ്പോള്‍)

ഇന്ത്യ 462 & 193

ശ്രീലങ്ക 284 & 84/4 (ഠ: 372)

അഞ്ചാം ദിവസം ഇന്ത്യയ്ക്ക് ആറ് വിക്കറ്റുകളും ലങ്കയ്ക്ക് 288 റണ്‍സുമാണ് വിജയത്തിനായി ആവശ്യമുള്ളത്.

സൂപ്പര്‍ താരം റിഷബ് പന്തിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ചെറുത്തുനിന്നത്. 69 പന്ത് നേരിട്ട താരം 66 റണ്‍സ് നേടി മടങ്ങി. എട്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

75 പന്തില്‍ 44 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലും 47 പന്തില്‍ 35 റണ്‍സടിച്ച കെ.എല്‍. രാഹുലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്നത്. ശേഷിച്ച താരങ്ങളെല്ലാം തന്നെ ഇരട്ടയക്കം കാണാതെ മടങ്ങുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ നേടിയ രണ്ട് സിക്‌സറുകള്‍ പന്തിനെ പല നേട്ടങ്ങളിലും കൊണ്ടെത്തിച്ചിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ നൂറ് സിക്‌സറുകള്‍ സ്വന്തമാക്കിയ നാലാമത് താരം, ആദ്യ ഇന്ത്യന്‍ താരം എന്നീ നേട്ടങ്ങള്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും താരമെന്ന നിലയിലും പന്ത് റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

റിഷബ് പന്ത്. Photo: BCCI/x.com

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം എവേ സിക്‌സറുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് ഇതിലാദ്യം. 57 തവണയാണ് പന്ത് ഇന്ത്യന്‍ വേദികള്‍ക്ക് പുറത്ത് സിക്‌സറടിച്ചത്.

ഈ നേട്ടത്തില്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റിനൊപ്പമാണ് പന്ത് സ്ഥാനം പിടിച്ചിരിക്കുന്നത്.

ആദം ഗില്‍ക്രിസ്റ്റ്

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം എവേ സിക്‌സറുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

റിഷബ് പന്ത് – ഇന്ത്യ – 57

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 57

എം.എസ്. ധോണി – ഇന്ത്യ – 37

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 18

റോഡ് മാര്‍ഷ് – ഓസ്‌ട്രേലിയ – 16

ഇതിന് പുറമെ ടെസ്റ്റില്‍ എതിരാളികളുടെ തട്ടകത്തില്‍ ഏറ്റവുമധികം ടെസ്റ്റ് സിക്‌സറുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഗില്‍ക്രിസ്റ്റിനെ മറികടക്കാനും പന്തിന് സാധിച്ചു.

എതിരാളികളുടെ തട്ടകത്തില്‍ ഏറ്റവുമധികം ടെസ്റ്റ് സിക്‌സറുകള്‍ നേടുന്ന താരം

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ബെന്‍ സ്റ്റോക്‌സ് – ഇംഗ്ലണ്ട് – 69

റിഷബ് പന്ത് – ഇന്ത്യ – 57

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 56

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 51

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 45

(ഐ.സി.സി സൂപ്പര്‍ ടെസ്റ്റ് പരിഗണിക്കുമ്പോള്‍ ആദ്യ ലിസ്റ്റിനെ അപേക്ഷിച്ച് ഗില്‍ക്രിസ്റ്റിന് ഒരു സിക്‌സര്‍ കുറവ് വരുന്നു)

ഈ ലിസ്റ്റിലടക്കം പല സിക്‌സര്‍ ഹിറ്റിങ് റെക്കോഡ് ലിസ്റ്റിലും ഒന്നാമതുള്ള മുന്‍ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് പടിയിറങ്ങിയതിനാല്‍ ഒന്നാം സ്ഥാനത്തേക്കുള്ള പന്തിന്റെ കുതിപ്പ് കൂടുതല്‍ എളുപ്പമേറിയതായിരിക്കുകയാണ്.

 

Content Highlight: Rishabh Pant tops the list of most away sixes as wicketkeeper in Test history

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.