2024 ടി-20 ലോകകപ്പിനോട് അനുബന്ധിച്ച് നടക്കുന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. നാസു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ലൈന്‍ അപ്പില്‍ വലിയ മാറ്റം വരുത്തിയായിരുന്നു ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മലയാളികളുടെ സ്വന്തം സഞ്ജു സാംസണും ആയിരുന്നു ഓപ്പണിങ് ഇറങ്ങിയത്. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ആറു പന്തില്‍ ഒരു റണ്‍സ് മാത്രം നേടി ഒരു എല്‍.ബി.ഡബ്ലിയുവിലൂടെ പുറത്താവുകയായിരുന്നു സഞ്ജു. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ ശരീഫുള്‍ ഇസ്‌ലാം സഞ്ജുവിന് നേരെ എറിഞ്ഞ പന്ത് വിക്കറ്റ് ലൈനില്‍ പാഡിന് തട്ടുകയായിരുന്നു.

മികച്ച പ്രകടനം കാഴ്ച വച്ചെങ്കിലും ക്യാപ്റ്റനും അധികനേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. 19 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും അടക്കം 23 റണ്‍സാണ് രോഹിത് നേടിയത്. എന്നാല്‍ മൂന്നാമനായി ഇറങ്ങിയ പന്ത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 32 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയാണ് പന്ത് തന്റെ ലോകകപ്പിലേക്കുള്ള വരവ് അറിയിച്ചത്.

നാല് സിക്‌സറും മൂന്ന് ഫോറും അടക്കം ഫിഫ്റ്റി നേടിയ പന്ത് റിട്ടയേര്‍ഡ് ഔട്ട് ആവുകയായിരുന്നു. 65.63 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. 18 മാസം കാത്തിരുന്നാണ് താരം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. ഗംഭീര പ്രകടനത്തോടെ തകര്‍പ്പന്‍ തിരിച്ചുവരവ് തന്നെയാണ് പന്ത് കാഴ്ചവെച്ചത്. നിലവില്‍ സൂര്യകുമാര്‍ യാദവ് 11 പന്തില്‍ നിന്ന് 18 റണ്‍സും ശിവം ദുബെ 10 പന്തില്‍ നാല് റണ്‍സും നേടി ക്രീസില്‍ തുടരുന്നുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, യശസ്വി ജെയ്‌സ്വാള്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍, വിരാട് കോഹ്‌ലി

 

 

Content Highlight: Rishabh Pant In Great Comeback