ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ വീണ്ടും റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത്. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെയാണ് പന്ത് കരിയറിലെ മറ്റൊരു നേട്ടം സ്വന്തമാക്കിയത്.

എവേ ടെസ്റ്റില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നാണ് പന്ത് കരുത്ത് കാട്ടിയത്. മത്സരത്തില്‍ നേരത്തെ റിട്ടയര്‍ഡ് ഹര്‍ട്ടായി തിരികെ മടങ്ങിയ താരം, തിരിച്ചുവന്ന് റണ്ണടിച്ചുകൂട്ടുകയാണ്.

സ്വന്തം തട്ടകത്തിന് പുറത്ത് ഇത് 17ാം തവണയാണ് റിഷബ് പന്ത് 50+ സ്‌കോര്‍ സ്വന്തമാക്കുന്നത്. 19 തവണ 50+ സ്‌കോര്‍ നേടി ആദം ഗില്‍ക്രിസ്റ്റ്, എം.എസ്. ധോണി, അലന്‍ നോട്ട് എന്നിവരാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്.

ആദം ഗില്‍ക്രിസ്റ്റ് | എം.എസ്. ധോണി | അലന്‍ നോട്ട്

എവേ ടെസ്റ്റുകളില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പര്‍മാര്‍

(താരം – ടീം – 50+ സ്‌കോര്‍ എന്നീ ക്രമത്തില്‍)

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 19

എം.എസ്. ധോണി – ഇന്ത്യ – 19

അലന്‍ നോട്ട് – ഇംഗ്ലണ്ട് – 19

ആന്‍ഡി ഫഌവര്‍ – സിംബാബ് വേ – 18

മാറ്റ് പ്രയര്‍ – സൗത്ത് ആഫ്രിക്ക – 18

റിഷബ് പന്ത് – ഇന്ത്യ – 17

മാര്‍ക് ബൗച്ചര്‍ – സൗത്ത് ആഫ്രിക്ക – 16

രണ്ടാം ദിനം നിലവില്‍ ലഞ്ചിന് പിരിയുമ്പോള്‍ അറ് വിക്കറ്റ് നഷ്ടത്തില്‍ 419 എന്ന നിലയില്‍ ഇന്ത്യ ബാറ്റിങ് തുടരുകയാണ്. 88 പന്തില്‍ 63 റണ്‍സുമായി റിഷബ് പന്ത് ക്രീസിലുണ്ട്. ആറ് ഫോറും രണ്ട് സിക്‌സറും അടക്കമാണ് താരം ബാറ്റ് വീശുന്നത്. 107 പന്തില്‍ 59 റണ്‍സുമായി ധ്രുവ് ജുറെലാണ് പന്തിന് കൂട്ടായി ക്രീസിലുള്ളത്.

രണ്ടാം ദിനം ഇതുവരെ 119 റണ്‍സ് ഇന്ത്യ കൂട്ടിച്ചേര്‍ത്തു. സെഞ്ച്വറി കൂട്ടുകെട്ടുമായി പന്ത് – ജുറെല്‍ സഖ്യമാണ് രണ്ടാം ദിനം ഇന്ത്യയെ താങ്ങി നിര്‍ത്തുന്നത്.

ആദ്യ ദിവസം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. 193 പന്തില്‍ 117 റണ്‍സാണ് താരം നേടിയത്. 45 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിന്റെയും 43 റണ്‍സടിച്ച രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സും ഒന്നാം ദിനം ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

നാല് വിക്കറ്റുമായി അസിത ഫെര്‍ണാണ്ടോയാണ് ലങ്കന്‍ ബൗളിങ്ങിനെ നയിക്കുന്നത്. ലാഹിരു കുമാര, കേശര നുവാന്ത എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

 

Content Highlight: Rishabh Pant climbs to 3rd in most 50+ by wicket keepers in away Tests