ജന നായകന് ഈയാഴ്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ സൂര്യ ഫാന്‍സിന് പണി പാളും, 15 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ക്ലാഷ്?
Indian Cinema
ജന നായകന് ഈയാഴ്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ സൂര്യ ഫാന്‍സിന് പണി പാളും, 15 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ക്ലാഷ്?
അമര്‍നാഥ് എം.
Sunday, 5th July 2026, 8:45 am

തമിഴ് സിനിമാലോകത്ത് അടുത്തിടെ ഒരുപാട് ചര്‍ച്ചയായ ചിത്രമാണ് ജന നായകന്‍. തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ അവസാനചിത്രമെന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്ത ജന നായകന്‍ ഇതുവരെ തിയേറ്ററുകളിലെത്തിയിട്ടില്ല. ജനുവരിയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലാകളില്‍ പെട്ടാണ് വെളിച്ചം കാണാനിതിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിയേറ്ററുകളിലെത്തിക്കാന്‍ പ്ലാന്‍ ചെയ്ത ചിത്രമായിരുന്നു ജന നായകന്‍. ഇപ്പോഴിതാ, ഇലക്ഷന്‍ കഴിഞ്ഞ് ഒരു മാസത്തിനിപ്പുറം ജന നായകന്റെ റിലീസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സിനിമാലോകത്ത് വീണ്ടും ചര്‍ച്ചയാവുകയാണ്. റിവൈസിങ് കമ്മിറ്റി ജന നായകന് പച്ചക്കൊടി കാണിച്ചെന്നും അധികം വൈകാതെ റിലീസുണ്ടാകുമെന്നാണ് വാര്‍ത്തകള്‍.

ജന നായകന്‍ Photo: Theatrical poster

ഈ മാസം തന്നെ ചിത്രത്തെ തിയേറ്ററുകളിലെത്തിക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. ഈയാഴ്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കില്‍ ജൂലൈ 17നോ 23നോ ജന നായകന്‍ റിലീസായേക്കും. എന്നാല്‍ ഈയാഴ്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുന്നത് സൂര്യക്ക് ആയിരിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയാല്‍ അടുത്ത മാസത്തേക്ക് റിലീസ് മാറ്റാനായിരിക്കും നിര്‍മാതാക്കള്‍ ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ട്. മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേയുടെ റിലീസ് കാരണമാണ് ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂലൈയില്‍ റിലീസ് ചെയ്യാനായില്ലെങ്കില്‍ പിന്നീടുള്ള ഓപ്ഷന്‍ ഓഗസ്റ്റ് 14 ആണ്.

വിശ്വനാഥ് ആന്‍ഡ് സണ്‍സ് Photo: Theatrical Poster

സ്വാതന്ത്ര്യ ദിനവും അതിനോട് ചേര്‍ന്ന് ലഭിക്കുന്ന വലിയ വീക്കെന്‍ഡും കളക്ഷന് ഗുണം ചെയ്യും. എന്നാല്‍ ഇതേ ദിവസം തന്നെയാണ് സൂര്യയുടെ വിശ്വനാഥ് ആന്‍ഡ് സണ്‍സ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജന നായകനൊപ്പമുള്ള റിലീസ് വിശ്വനാഥിന്റെ കളക്ഷനെ വലിയ രീതിയില്‍ ബാധിച്ചേക്കും. സ്‌ക്രീനുകളുടെ എണ്ണത്തിലും ജന നായകനൊപ്പം പിടിച്ചു നില്‍ക്കാന്‍ വിശ്വനാഥ് ആന്‍ഡ് സണ്‍സ് പാടുപെടും.

ജന നായകനും വിശ്വനാഥ് ആന്‍ഡ് സണ്‍സും ഒന്നിച്ച് റിലീസായാല്‍ 15 വര്‍ഷത്തിന് ശേഷമുള്ള സൂര്യ- വിജയ് ക്ലാഷിനും കളമൊരുങ്ങും. 2011ലാണ് ഇരുവരും അവസാനമായി ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടിയത്. ഏഴാം അറിവുമായി സൂര്യയും വേലായുധവുമായി വിജയ്‌യും ഏറ്റുമുട്ടിയത് ആരാധകര്‍ക്ക് മറക്കാനാകാത്ത അനുഭവമാണ്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ ഏഴാം അറിവ് മുന്നിട്ട് നിന്നെങ്കിലും കേരളത്തില്‍ വേലായുധത്തിനായിരുന്നു മുന്‍തൂക്കം.

കറുപ്പിന്റെ വന്‍ വിജയത്തിന് ശേഷം വലിയ ആത്മവിശ്വാസത്തോടെയാണ് സൂര്യയുടെ ആരാധകര്‍ വിശ്വനാഥ് ആന്‍ഡ് സണ്‍സിനെ സമീപിക്കുന്നത്. റിലീസിന് മുമ്പ് ഇന്റര്‍നെറ്റില്‍ ലീക്കായ ജന നായകന്‍ കളക്ഷനില്‍ എത്രത്തോളം മുന്നേറുമെന്നും പലരും ഉറ്റുനോക്കുന്നു.

Content Highlight: Reports that there is slight chance for  Jana Nayagan clash with Viswanath and Sons

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം