ഏറെക്കാലത്തെ അനിശ്ചിതത്വത്തിന് ശേഷം ജന നായകന്റെ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് അനുകൂലമായ തീരുമാനമെടുത്തിരിക്കുകയാണ്. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ട് ഒരുമാസത്തിലേറെയായെങ്കിലും കഴിഞ്ഞദിവസമാണ് കമ്മിറ്റി വീണ്ടും ചിത്രം കണ്ടത്. ആദ്യം കണ്ടപ്പോഴുള്ളതിനെക്കാള്‍ നിരവധി മാറ്റങ്ങള്‍ റിവൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
വിജയ് നടത്തുന്ന രാഷ്ട്രീയ പ്രസ്താവനകളില്‍ ചിലത് കട്ട് ചെയ്യണമെന്ന് റിവൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടെന്ന് കഴിഞ്ഞദിവസം ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ജന നായകനില്‍ അതിഥിവേഷം ചെയ്യുന്ന അറ്റ്‌ലീ, ലോകേഷ് കനകരാജ് എന്നിവരുടെ ഡയലോഗിലും റിവൈസിങ് കമ്മിറ്റി കത്തിവെച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വിജയ്‌യുടെ കരിയറില്‍ വലിയ ഹിറ്റുകള്‍ നല്‍കിയ അറ്റ്‌ലീ, ലോകേഷ്, നെല്‍സണ്‍ എന്നിവര്‍ ജേര്‍ണലിസ്റ്റായി ജന നായകനില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ വിജയ്ക്ക് ഫെയര്‍വെല്‍ നല്‍കുന്ന സീനിലാകും ഇവര്‍ പ്രത്യക്ഷപ്പെടുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ വിജയ്‌യോട് ചോദിക്കുന്ന അറ്റ്‌ലീ, ലോകേഷ് എന്നിവരുടെ ചോദ്യങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ റിവൈസിങ് കമ്മിറ്റി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെടുന്ന മാറ്റങ്ങളെല്ലാം സമ്മതിച്ച് പ്രദര്‍ശനാനുമതി നേടിയെടുക്കുക എന്നത് മാത്രമാകും ഇനി നിര്‍മാതാക്കളുടെ മുന്നിലുള്ള വഴി. പൊങ്കലില്‍ തിയേറ്ററുകളിലെത്തിക്കാനുദ്ദേശിച്ച ചിത്രം ഇലക്ഷന് ശേഷമെങ്കിലും റിലീസ് ചെയ്യിക്കാനാണ് കെ.വി.എന്‍. പ്രൊഡക്ഷന്‍സ് ശ്രമിക്കുന്നത്. ഈ മാസം അവസാനത്തോടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് കരുതുന്നത്.
ഇലക്ഷന് ശേഷം അധികം വൈകാതെ ജന നായകന്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 24നാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. രാഷ്ട്രീയപ്രവേശനത്തിന് മുമ്പ് നായകനാകുന്ന വിജയ് ചിത്രമാണ് ജന നായകന്‍. തന്റെ രാഷ്ട്രീയ പാര്‍ട്ടിയെ ബൂസ്റ്റ് ചെയ്യാനും രാഷ്ട്രീയ പ്രസ്താവനകള്‍ നടത്താനുമാണ് വിജയ് ജന നായകനെ ഉപയോഗിച്ചതെന്ന് ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ പലരും ആരോപിച്ചിരുന്നു.
ദളപതി വെട്രി കൊണ്ടാന്‍ (ചുരുക്കിയെഴുതിയാല്‍ ടി.വി.കെ) എന്നാണ് ഈ ചിത്രത്തില്‍ വിജയ്‌യുടെ പേര്. പാര്‍ട്ടി ചിഹ്നം അവിടവിടായി ഉപയോഗിച്ചതുമെല്ലാം വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെയും പലരും ചോദ്യം ചെയ്തിരുന്നു. അവസാന ചിത്രം പ്രതിസന്ധികളെല്ലാം മറികടന്ന് വന്‍ വിജയമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlight: Reports that Censor board demanded to mute Atlee and Lokesh’s dialogue in Jana Nayagan