ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പുതിയ പരിശീലകനായി ന്യൂസിലാന്‍ഡ് ഇതിഹാസ കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിങ് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രെണ്ടന്‍ മക്കല്ലം പരിശീലക സ്ഥാനത്ത് നിന്നും സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഫ്‌ലെമിങ് ഇംഗ്ലീഷ് ടീമിന്റെ മുഖ്യ പരിശീലകനാവാന്‍ ഒരുങ്ങുന്നത്.
ദി ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഫ്‌ലെമിങ് പടിയിറങ്ങിയിരുന്നു.
ഐ.പി.എല്ലിന്റെ അരങ്ങേറ്റ സീസണായ 2008ല്‍ താരമായി എത്തിയ ഫ്‌ലെമിങ് അടുത്ത സീസണില്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ 2026 സീസണ്‍ വരെ സി.എസ്.കെ നയിച്ചു. ഈ കാലയളവില്‍ ഐ.പി.എല്ലില്‍ അഞ്ച് തവണ ടീമിനെ കിരീടമണിയിച്ചു.
രണ്ട് തവണ ഫ്‌ലെമിങ് ചെന്നൈയെ ചാമ്പ്യന്‍സ് ലീഗ് ടി – 20 ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാക്കുകയും ചെയ്തു. 12 സീസണുകളില്‍ പ്ലേ ഓഫിലേക്ക് നയിച്ച പരിശീലകന്‍ ടീമിനെ പത്ത് തവണ ഐ.പി.എല്‍ ഫൈനലുകളില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം 2022ലാണ് മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നത്. പിന്നാലെ സ്റ്റോക്സിനൊപ്പം ചേര്‍ന്ന് ടെസ്റ്റില്‍ അഗ്രസീവ് ശൈലി കൊണ്ടുവരികയും ആദ്യ 11 ടെസ്റ്റില്‍ ടീം പത്തെണ്ണത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, അതിനുശേഷം ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം മോശമായി. ടെസ്റ്റ് ക്രിക്കറ്റില്‍ മെക്കല്ലത്തിന് കീഴില്‍ 27 മത്സരങ്ങള്‍ ത്രീ ലയണ്‍സ് വിജയിച്ചപ്പോള്‍ രണ്ട് സമനിലകളും 20 തോല്‍വികളും വഴങ്ങി. ഓസ്ട്രേലിയക്കെതിരെയോ ഇന്ത്യക്കെതിരെയോ ഒരു പരമ്പര വിജയം പോലും നേടാതെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.
ന്യൂസിലാന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെയാണ് മക്കല്ലം കോച്ചിങ് സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. ന്യൂസിലാന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇംഗ്ലണ്ട് 2 – 1 എന്ന നിലയിലാണ് പരാജയപ്പെട്ടത്. ആഷസിലെ തോല്‍വിയും മക്കല്ലത്തിന് പുറത്തേക്കുള്ള വഴി തെളിച്ചു.
Content Highlight: Reports says Stephan Fleming will be the new test coach of England team