2026ൽ സഞ്ജു ബാറ്റെടുക്കില്ല; ആരാധകർക്ക് കനത്ത തിരിച്ചടി
Cricket
2026ൽ സഞ്ജു ബാറ്റെടുക്കില്ല; ആരാധകർക്ക് കനത്ത തിരിച്ചടി
സുദേവ് എ
Friday, 10th July 2026, 12:57 pm

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ ആരംഭിക്കാൻ പോവുന്നതിന്റെ ആവേശത്തിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ അഞ്ച്‌ വരെയാണ് കേരളത്തിന്റെ ക്രിക്കറ്റ് മാമാങ്കം നടക്കുന്നത്.

ടൂർണമെന്റിന് മുന്നോടിയായുള്ള താരലേലം ജൂലൈ 11നാണ് നടക്കുക. കെ.സി.എൽ മൂന്നാം സീസൺ ലേലം തിരുവനന്തപുരത്ത് നടക്കാനിരിക്കെ ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

കെ.സി.എൽ മൂന്നാം സീസണിൽ സൂപ്പർതാരം സഞ്ജു സാംസൺ കളിക്കില്ലെന്നാണ് റിപ്പോർട്ട്. വ്യക്തിപരമായ കാരണങ്ങളാൽ സഞ്ജു ഇത്തവണ കെ.സി.എല്ലിൽ കളിക്കില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

താര ലേലത്തിൽ സഞ്ജു തന്റെ പേര് നൽകിയിട്ടില്ലെന്നാണ് വിവരങ്ങൾ. 156 താരങ്ങൾ പങ്കെടുക്കുന്ന ലേലത്തിൽ സഞ്ജുവിന്റെ പേരില്ലാത്തത് സ്വന്തം മണ്ണിൽ സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാൻ കാത്തിരുന്ന ആരാധകർക്ക് വലിയ നിരാശയാണ് നൽകിയിരിക്കുന്നത്.

ഈ സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ റിലീസ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സഞ്ജു ലേലത്തിൽ പങ്കെടുത്തുകൊണ്ട് മറ്റൊരു ടീമിനായി കളത്തിലിറങ്ങുമെന്ന് ആരാധകർ വിശ്വസിച്ചിരുന്നു. എന്നാൽ സഞ്ജു 2026 സീസണിൽ ബാറ്റെടുക്കാത്തത് മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.

കെ.സി.എൽ നടക്കുന്ന സമയങ്ങളിൽ ഇന്ത്യക്ക് ശ്രീലങ്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണുള്ളത്. രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ലങ്കയിൽ കളിക്കുക. സഞ്ജു ടെസ്റ്റ് ടീമിന്റെ ഭാഗമല്ലാത്തതിനാൽ മലയാളി താരത്തിന് ഈ ടൂർണമെന്റിൽ കളിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടൂർണമെന്റിന്റെ പ്രധാന ആകർഷകമായ സഞ്ജുവിന്റെ അഭാവം ഇത്തവണ എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം.

കഴിഞ്ഞ സീസണിൽ റെക്കോഡ് തുകക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. 26.80 ലക്ഷം രൂപ നൽകിയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പറെ ബ്ലൂ ടൈഗേഴ്‌സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ഒരു ടീമിന് മുടക്കാവുന്ന അടിസ്ഥാന തുകയായ 50 ലക്ഷം രൂപയുടെ പകുതിയായിരുന്നു കൊച്ചി സഞ്ജുവിനായി ചെലവാക്കിയത്.

ടൂർണമെന്റിൽ ആറ് ടീമുകൾ തന്നെയാണ് ഇത്തവണയും കിരീടത്തിനായി മാറ്റുരക്കുന്നത്. ആലപ്പി റിപ്പിൾസ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സ്, ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയ്ലേഴ്‌സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ് എന്നീ ടീമുകളാണ് പോരാട്ടത്തിനിറങ്ങാനൊരുങ്ങുന്നത്. ഈ ടീമുകളെല്ലാം 17 താരങ്ങളെയാണ് നിലനിർത്തിയിട്ടുണ്ട്. നിലനിർത്തിയ താരങ്ങൾക്ക് നൽകിയ തുക ലേലത്തിൽ അടിസ്ഥാന തുകയായ 50 ലക്ഷത്തിൽ നിന്നും കുറക്കണം.

ഇന്ത്യയിൽ ഇതിനോടകം തന്നെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ടി-20 ലീഗുകൾ നടക്കുന്നുണ്ട്. തമിഴ്നാട്, കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ലീഗുകൾ ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ കഴിവുള്ള യുവതാരങ്ങൾക്ക് പുതിയ അവസരങ്ങൾ നൽകിക്കൊണ്ട് പുത്തൻ താരങ്ങളെ വളർത്തിയെടുക്കാനും ഈ ടൂർണമെന്റ് സഹായകമാകും.

 

Content Highlight:Report says Sanju Samson will not play in the 2026 Kerala Cricket League

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.