പെലെക്ക് ശേഷം ബ്രസീല്‍ ടീം ഇന്ത്യയിലേക്ക്; ചരിത്രം പോരാട്ടം അണിയറയില്‍ ഒരുങ്ങുന്നു
Football
പെലെക്ക് ശേഷം ബ്രസീല്‍ ടീം ഇന്ത്യയിലേക്ക്; ചരിത്രം പോരാട്ടം അണിയറയില്‍ ഒരുങ്ങുന്നു
സുദേവ് എ
Saturday, 25th July 2026, 3:15 pm

ലോകകപ്പിന്റെ ആരവങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ബ്രസീല്‍ ടീം ഇന്ത്യന്‍ മണ്ണില്‍ സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ ബ്രസീല്‍ ടീം കൊല്‍ക്കത്തയില്‍ ഫ്രണ്ട്‌ലി മത്സരം കളിക്കുമെന്ന് ഇ.എസ്.പി.എന്‍ ബ്രസീല്‍ റിപ്പോര്‍ട്ട് ചെയ്തു.

മത്സരത്തെ സംബന്ധിച്ച് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ഇന്ത്യന്‍ സംഘാടകരും തമ്മിലുള്ള ചര്‍ച്ച നടക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൗഹൃദ മത്സരത്തില്‍ ബ്രസീലിന്റെ എതിരാളികള്‍ ആരായിരിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ ആറ് വരെയാണ് ഫിഫയുടെ ഇന്റര്‍നാഷണല്‍ മത്സരങ്ങളുടെ വിന്‍ഡോയുള്ളത്. ഇതില്‍ ബ്രസീല്‍ ടീം ഏഷ്യയില്‍ പര്യടനം നടത്തുന്നുണ്ട്.

സെപ്റ്റംബര്‍ 25ന് ടൗണ്‍സ് വില്ലെയിലും പിന്നീട് സെപ്റ്റംബര്‍ 29ന് ബ്രിസ്‌ബെയ്‌നിലും ബ്രസീല്‍ സൗഹൃദ മത്സരം കളിക്കും. ഇതിനൊപ്പമാണ് ബ്രസീല്‍ കൊല്‍ക്കത്തയില്‍ ഫ്രണ്ട്‌ലി മത്സരം കളിക്കാനിറങ്ങുന്നത്.

ഇന്ത്യന്‍ ഫുട്‌ബോളിലെ ശ്രദ്ധാകേന്ദ്രമായ കൊല്‍ക്കത്തയില്‍ ഇതിന് മുമ്പും ബ്രസീലിയന്‍ ഫുട്‌ബോളിന്റെ കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. 1977ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതിഹാസ താരം പെലെ കളത്തിലിറങ്ങിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് കോസ്മോസിന് വേണ്ടി മോഹന്‍ബഗാനെതിരെയായിരുന്നു പെലെ കൊല്‍ക്കത്തയുടെ മണ്ണില്‍ പന്തുതട്ടിയിരുന്നത്. ഇപ്പോള്‍ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കാനറിപ്പട കൊല്‍ക്കത്തയില്‍ പന്തുതട്ടുമ്പോള്‍ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.

അതേസമയം 2026 ഫിഫ ലോകകപ്പില്‍ ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ വരെയാണ് മുന്നേറാന്‍ സാധിച്ചത്. നോര്‍വേയോട് പരാജയപ്പെട്ടാണ് ബ്രസീല്‍ ആറാം ലോക കിരീടമെന്ന സ്വപ്നം അവസാനിപ്പിച്ചുകൊണ്ട് മടങ്ങിയത്.

ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിനെതിരെ നോര്‍വേ വിജയിച്ചുകയറിയത്.

തുടര്‍ച്ചയായ ആറാം ലോകകപ്പിലും യൂറോപ്യന്‍ ടീമിനോട് തോറ്റാണ് ബ്രസീലിന്റെ മടക്കം. 1990ന് ശേഷം ഇതാദ്യമായിട്ടായിരുന്നു ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നത്.

 

Content Highlight: Report says Brazil team will play friendly match in India

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.