ഇതിഹാസത്തെ റാഞ്ചാന്‍ റൊണാള്‍ഡോയുടെ അല്‍ നസര്‍; ഈ ട്രാന്‍സ്ഫര്‍ നടന്നാല്‍ സൗദി വീണ്ടും കുലുങ്ങും!
Football
ഇതിഹാസത്തെ റാഞ്ചാന്‍ റൊണാള്‍ഡോയുടെ അല്‍ നസര്‍; ഈ ട്രാന്‍സ്ഫര്‍ നടന്നാല്‍ സൗദി വീണ്ടും കുലുങ്ങും!
Sudev A
Monday, 20th April 2026, 6:27 pm

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ ഇതിഹാസ താരം മുഹമ്മദ് സലയെ സ്വന്തമാക്കാന്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ സീസണ്‍ അവസാനത്തോടുകൂടി ലിവര്‍പൂള്‍ വിടുമെന്ന് പ്രഖ്യാപിച്ച സലയെ ടീമിലെത്തിക്കാനായി സൗദിയില്‍ നിന്നും ഒരുപാട് ക്ലബ്ബുകളാണ് രംഗത്തുള്ളത്. അല്‍ ഇത്തിഹാദ്, അല്‍ ഹിലാല്‍, അല്‍ അഹ്‌ലി, അല്‍ ഖാദ്സിയ തുടങ്ങിയ ടീമുകളാണ് ലിവര്‍പൂള്‍ ഇതിഹാസത്തിന് പുറകിലുള്ളത്. ഈ ടീമുകളോടൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറും സലാഹിനെ സ്വന്തമാക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. ടീം ടോക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റൊണാള്‍ഡോ, സാദിയോ മാനെ തുടങ്ങിയര്‍ അണിനിരക്കുന്ന അല്‍ നസറിന്റെ മുന്നേറ്റ നിരയില്‍ സല കൂടിയെത്തുമ്പോള്‍ സൗദി ലീഗിലെ ഏറ്റവും മികച്ച അറ്റാക്കിങ് ടീമായി അല്‍ നസര്‍ മാറുമെന്നുറപ്പാണ്. എന്നാല്‍ ലിവര്‍പൂള്‍ വിടുകയാണെങ്കില്‍ തന്റെ അടുത്ത ക്ലബ്ബ് ഏതായിരിക്കുമെന്ന് സല ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ താരം സൗദിയിലേക്ക് തന്നെ ചേക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒമ്പത് വര്‍ഷം നീണ്ട അവിസ്മരണീയമായ അദ്ധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സല ലിവര്‍പൂള്‍ വിടുന്നത്. താരത്തിന് ക്ലബ്ബുമായുള്ള കരാറില്‍ ഒരു വര്‍ഷം ബാക്കിയുണ്ടെങ്കിലും താരം നേരത്തെ ക്ലബ്ബ് വിടുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 2017ല്‍ എ.എസ് റോമയില്‍ നിന്നുമാണ് സലാഹ് ആന്‍ഫീല്‍ഡില്‍ എത്തുന്നത്. ലിവര്‍പൂളിന് വേണ്ടി 435 മത്സരങ്ങളില്‍ നിന്ന് 255 ഗോളുകള്‍ സലയ്ക്ക് നേടാന്‍ സാധിച്ചു. 33കാരനായ ഈജിപ്ഷ്യന്‍ താരം ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ ഗോള്‍ വേട്ടക്കാരനാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വേണ്ടി 281 ഗോള്‍ കോണ്‍ഡ്രിബ്യൂഷന്‍ സലയ്ക്കുണ്ട്. 92 അസിസ്റ്റുകളും 189 ഗോളുകളുമാണ് താരം നേടിയത്. 2019-20 സീസണിലും 2024-25 സീസണിലും ലിവര്‍പൂളിനെ കിരീടത്തിലെത്തിക്കുന്നതില്‍ സലാഹ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. തന്റെ അവസാന ഘട്ടങ്ങളില്‍ ലിവര്‍പൂളുമായി ചില തകര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്ന് സല മുമ്പ് തുറന്നു പറഞ്ഞിരുന്നു. പ്ലെയിങ് ഇലവനില്‍ നിന്ന് തന്നെ ഒഴിവാക്കിയതടക്കമുള്ള കാര്യങ്ങളായിരുന്നു സലാഹ് വ്യക്തമാക്കിയിരുന്നത്.

Content Highlight: Report says Al Nassr Want to sign Liverpool Legend Mohammed salah

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.