യുവേഫ ചാമ്പ്യൻസ് ലീഗിലെ ബയേൺ മ്യൂണിക്-ആഴ്സണൽ ത്രില്ലർ പോരാട്ടം സമനിലയിൽ പിരിഞ്ഞിരുന്നു. ജർമൻ വമ്പന്മാരുടെ തട്ടകമായ അലയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി മത്സരം അവസാനിപ്പിക്കുകയായിരുന്നു.
മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ഒരു വമ്പൻ റെക്കോഡാണ് ബയേണിന്റെ ജർമൻ ഇതിഹാസ ഗോൾ കീപ്പർ മാനുവൽ ന്യൂയർ സ്വന്തമാക്കിയത്.
ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമായാണ് ന്യൂയർ മാറിയത്. ഗണ്ണേഴ്സിനെതിരെയുള്ള പോരാട്ടം ന്യൂയറിന്റെ 163ാം യു.സി.എൽ മത്സരമായിരുന്നു. ഇത്രയധികം മത്സരങ്ങൾ കളിച്ച അർജന്റൈൻ ഇതിഹാസം ലയണൽ മെസി, ജർമൻ ഇതിഹാസം തോമസ് മുള്ളർ എന്നിവർക്കൊപ്പമാണ് ന്യൂയർ.

2011 മുതൽ ബയേൺ മ്യൂണിക്കിന്റെ ഗോൾമുഖത്ത് രക്ഷകനായി നിലയുറപ്പിച്ച ന്യൂയർ ക്ലബ്ബിനൊപ്പം അവിസ്മരണീയമായ നേട്ടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. തന്റെ 40ാം വയസിലും പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി കുതിക്കുന്ന ന്യൂയർ ടീമിനൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാൻ സാധിച്ചിട്ടുണ്ട്. 13 ബുണ്ടസ് ലീഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ബയേണിനൊപ്പം നേടിയ ന്യൂയർ ഏഴ് ഡി.എഫ്.ബി കിരീടങ്ങളും കൈപ്പിടിയിലാക്കിയിട്ടുണ്ട്.
ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 183 മത്സരങ്ങളിലാണ് റൊണാൾഡോ കളത്തിലിറങ്ങിയത്. 177 യു.സി.എൽ മത്സരങ്ങൾ കളിച്ച സ്പാനിഷ് ഇതിഹാസ ഗോൾ കീപ്പർ കസിയസാണ് പട്ടികയിലെ രണ്ടാമൻ.
അതേസമയം ആഴ്സനലിനെതിരെയുള്ള മത്സരത്തിൽ 25ാം മിനിട്ടിൽ എബെറെച്ചി എസെയിലൂടെ ഗണ്ണേഴ്സാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ 35ാം മിനിട്ടിൽ അൽഫോൻസോ ഡേവിസിലൂടെ ബയേൺ ഗോൾ മടക്കി. ഒടുവിൽ ആദ്യ പകുതി പിന്നിട്ടപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിൽ 61ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ഹാരി കെയ്ൻ വീണ്ടും ബവേറിയൻസിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 82ാം മിനിട്ടിൽ ഡെക്ലാൻ റൈസിലൂടെ ആഴ്സണൽ സമനില പിടിച്ചു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഇരുടീമുകളും പോയിന്റുകൾ പങ്കുവെച്ചു.
Abpfiff – Remis gegen Arsenal! ⚖️ ✨ 90’+3 | #FCBARS | 2-2 ✨ https://t.co/gnA2FgRono
— FC Bayern München (@FCBayern) October 21, 2026
നിലവിൽ ചാമ്പ്യൻസ് ലീഗ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് പീരങ്കിപ്പട. മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റാണ് ആഴ്സണലിന്റെ അക്കൗണ്ടിലുള്ളത്. മറുഭാഗത്ത് ബയേൺ പതിനാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു ജയവും രണ്ട് സമനിലയും അടക്കം അഞ്ച് പോയിന്റാണ് ജർമൻ വമ്പന്മാരുടെ കൈവശമുള്ളത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒക്ടോബർ 24ന് എവർട്ടണിനെതിരെയാണ് ഗണ്ണേഴ്സ് അടുത്ത മത്സരത്തിൽ കളത്തിലിറങ്ങുക. മറുഭാഗത്ത് ബുണ്ടസ് ലീഗയിൽ 25ന് ഫ്രയ്ബർഗിനെതിരെയാണ് ബയേൺ മ്യൂണിക്കിന്റെ പോരാട്ടം.
Content Highlight: Manuel Neuer equals Lionel Messi and Thomas Muller record in UEFA champions league
