യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ വമ്പൻ വിജയമായിരുന്നു ഇറ്റാലിയൻ വമ്പൻമാരായ കോമോ സ്വന്തമാക്കിയത്. മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റെഡ് ഡെവിൾസിനെ കോമോ കീഴടക്കിയത്.

അർജന്റൈൻ യുവതാരം നിക്കോ പാസിന്റെ മിന്നും ഫോമിന്റെ കരുത്തിലാണ് ഇറ്റാലിയൻ ടീമിന്റെ വിജയം. മത്സരത്തിൽ ഇരട്ട ഗോളുകളും ഒരു അസിസ്റ്റം നേടിയാണ് പാസ് തിളങ്ങിയത്. പാസിന് പുറമെ അനസ്താസിയോസ് ഡൂവികാസ്, ജേക്കബോ റാമോൺ എന്നിവരുടെ ഗോളുകളും കോമോയുടെ വിജയത്തിൽ നിർണായകമായി. ജോഷ്വ സിർക്സിയാണ് യുണൈറ്റഡിന് വേണ്ടി ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിൽ മിന്നും പ്രകടനം നടത്തിയ പാസ് ഒരു തകർപ്പൻ നേട്ടവും സ്വന്തമാക്കി. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഒരു മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അർജന്റീന താരമായി പാസ് മാറി. 22 വയസും 43 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം.

ഇതിഹാസ താരം ലയണൽ മെസിക്ക് ശേഷമാണ് പാസ് ഈ അവിശ്വസനീയ നേട്ടം സ്വന്തമാക്കുന്നത്. 2009ൽ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോൾ ബയേൺ മ്യൂണിക്കിനെതിരെയായിരുന്നു മെസിയുടെ നേട്ടം. 21 വയസുള്ളപ്പോഴാണ് മെസിയുടെ നേട്ടം.

ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും അടുത്തിടെ വിരമിച്ച മെസിയുടെ ഐക്കോണിക് ജേഴ്‌സി നമ്പറായ പത്താം നമ്പറിന്റെ പുതിയ അവകാശി പാസ് ആവുമെന്ന വാർത്തകൾ ഫുട്‌ബോൾ സർക്കിളുകൾക്കിടയിൽ വലിയ രീതിയിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് താരത്തിന്റെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.

ദേശീയ ടീമിൽ അർജന്റീനക്ക് വേണ്ടിയും സ്‌പെയ്‌നിന് വേണ്ടിയും കളിക്കാൻ പാസിന് അനുമതി ലഭിച്ചിരുന്നു. താരം സ്‌പെയ്‌നിനെ മറികടന്ന് അർജന്റീനക്കായി ബൂട്ട് കെട്ടാൻ തീരുമാനിക്കുകയായിരുന്നു. 2026 ഫിഫ ലോകകപ്പിൽ പാസ് അർജന്റീനയുടെ നിരയിൽ ഉണ്ടായിരുന്നു. അർജന്റീനയിലെ ഒരു ക്ലബ്ബിന്റെയോ അക്കാദമിയുടെയോ ഭാഗമാവാതെ ആദ്യമായി അർജന്റീനക്ക് വേണ്ടി ലോകകപ്പ് കളിച്ച താരം കൂടിയായിരുന്നു പാസ്.

2016ൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ അക്കാദമയിലൂടെയാണ് പാസ് തന്റെ ഫുട്‌ബോൾ കരിയർ ആരംഭിച്ചത്. 2023 സീസണിലാണ് താരം റയൽ മാഡ്രിഡിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 2024ലാണ് റയൽ വിട്ട് താരം കോമോയിലേക്ക് ചേക്കേറിയത്. താരത്തിന് മെസിയുടെ പാതയിലൂടെ ചരിത്രമെഴുതാൻ സാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

അതേസമയം നിലവിൽ ചാമ്പ്യൻസ് ലീഗ് പോയിന്റ് പട്ടികയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ഒരു തോൽവിയുമായി ആറ് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് കോമോ. സീരി എയിൽ അഞ്ചാം സ്ഥാനത്തുമാണ് കോമോ. ഏഴ് മത്സരങ്ങളിൽ നിന്നും നാല് വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 14 പോയിന്റാണ് കോമോക്കുള്ളത്.

 

Content Highlight: Nico Paz create a historical record in UEFA champions league