അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി ഇതിഹാസ കോച്ച് ലയണൽ സ്കലോണി തുടരുമെന്ന് റിപ്പോർട്ട്. 2030 ലോകകപ്പ് അവസാനിക്കുന്നത് വരെ സ്കലോണിയുടെ കരാർ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നീട്ടുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് സ്കലോണിയുമായി എ.എഫ്.എ ധാരണയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.

2026 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ അർജന്റീന ടീമിനൊപ്പമുള്ള സ്കലോണിയുടെ ഭാവിയെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിഹാസ താരം ലയണൽ മെസിയുടെ പടിയിറക്കത്തോടെ ദേശീയ ടീമിനൊപ്പം സ്കലോണി ഇനി തുടരില്ലെന്ന വാർത്തകളും നിലനിന്നിരുന്നു. ഇപ്പോൾ ഇതിനെല്ലാം വിരാമമിട്ടുകൊണ്ട് സ്കലോണി മെസി യുഗത്തിന് ശേഷവും അർജന്റീനയുടെ പരിശീലകനായുള്ള തന്റെ യാത്ര തുടരാൻ ഒരുങ്ങുകയാണ്.

2018ലാണ് ലയണൽ സ്‌കലോണി അർജന്റീനയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്. അർജന്റീനൻ ജനതയുടെ സ്വപ്നസാക്ഷാൽക്കാരങ്ങൾ ഓരോന്നായി നിറവേറ്റാൻ സ്‌കലോണിക്ക് സാധിച്ചിരുന്നു.

28 വർഷങ്ങൾക്ക് ശേഷം അർജന്റീന ഒരു മേജർ ടൂർണമെന്റിൽ കിരീടം ചൂടിയത് സ്കലോണിയുടെ കീഴിലാണ്. 2021ൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കോപ്പ അമേരിക്ക നേടികൊണ്ട് നീണ്ട വർഷങ്ങളുടെ കിരീടവരൾച്ച അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഇറ്റലിയെ തോൽപിച്ചുകൊണ്ട് ഫൈനൽസീമ കിരീടവും അർജന്റീന നേടി.

2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച പരിശീലകൻ കൂടിയായിരുന്നു സ്‌കലോണി. 1986ന് ശേഷം റൊസാരിയോയിലെ തെരുവുകളിൽ ലോക കിരീടം വീണ്ടുമെത്തിക്കുകയായിരുന്നു സ്‌കലോണി. പിന്നീട് 2024ൽ മറ്റൊരു കോപ്പ അമേരിക്ക കിരീടവും സ്കലോണിയുടെ കീഴിൽ അർജന്റീന നേടി.

2026 ലോകകപ്പിൽ കിരീടത്തിന്റെ അടുത്തുവരെയെത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. എന്നാൽ കലാശപ്പോരിൽ സ്പാനിഷ് പടയോട് പരാജയപ്പെട്ട് സ്കലോണിയുടെ സംഘം മടങ്ങുകയായിരുന്നു.

അർജന്റീനയുടെ ചരിത്രം തന്നെ തിരുത്തിയെഴുതി അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച അവരുടെ പ്രിയപ്പെട്ട പരിശീലകൻ അടുത്ത ലോകകപ്പിലും ടീമിനെ കളി പഠിപ്പിക്കാൻ ഒരുങ്ങുമ്പോൾ ആരാധകർക്കും ഭാവിയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

 

Content Highlight: Reports says Lionel Scaloni will continue as Argentina’s coach until the 2030 World Cup