കോവിഡ് 19 മഹാമാരിയെത്തുടർന്ന് റിലീസായി അഞ്ചാമത്തെ ദിവസം തിയേറ്ററിൽ നിന്നും പിൻവലിക്കേണ്ടി വന്ന ചിത്രമാണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള. ശ്രീനാഥ് ഭാസി, അന്ന ബെൻ, റോഷൻ മാത്യു എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എങ്കിലും പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ സിനിമാ ഒ.ടി.ടി. റിലീസാവുകയും മികച്ച നിരൂപക പ്രശംസ ലഭിക്കുകയും ചെയ്തു.
കപ്പേളയും റോയിയും എനിക്കെപ്പോഴും സ്പെഷ്യലാണെന്ന് പറയുകയാണ് ശ്രീനാഥ് ഭാസി. പേളി മാണിയുമായുള്ള അഭിമുഖത്തിലാണ് താരം കപ്പേളയെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ചത്.
‘റിലീസായി അഞ്ചാം ദിവസം ലോക്ഡൗണായിട്ട് ഞങ്ങൾക്ക് കപ്പേള തിയേറ്ററിൽ നിന്ന് പിൻവലിക്കേണ്ടി വന്നു. എന്നാൽ നെറ്റ്ഫ്ലിക്സിൽ അത് വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു. ആ കഥ കേട്ടപ്പോൾ എന്നെ ഓട്ടോ ഡ്രൈവറാക്കരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചുപോയി. എനിക്ക് മറ്റൊരു വേഷം ചെയ്യാനായിരുന്നു ആഗ്രഹം.

കപ്പേള.Photo.Screen Grab/IMDb
റോയി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വളരെ രസകരമായി തോന്നിയിരുന്നു. റോയി മുസ്തഫയെപ്പോലെ തന്നെയാണ്. അത്തരത്തിലുള്ള ആളുകളെ നമുക്ക് അറിയാം. ഒരാളെ ആദ്യമായി കാണുമ്പോൾ നമുക്ക് ഒരുതരം മടി തോന്നാറുണ്ട്. പക്ഷേ പിന്നെ സംസാരിക്കുമ്പോൾ അവർ ഒരു നല്ല ആളായി തോന്നും. കപ്പേളയും റോയിയും എനിക്ക് സ്പെഷ്യലാണ്.’ ഭാസി പറഞ്ഞു.
മലയാളി പ്രേക്ഷരുടെ പ്രതീക്ഷകളെ തിരുത്തി ചിന്തിപ്പിച്ച കഥാപശ്ചാത്തലവും ഗംഭീരമായ പ്രകടനവുംകൊണ്ട് സിനിമാ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നയുടെയും ഭാസിയുടെയും റോഷന്റേയും സ്വാഭാവികമായ അഭിനയം മികച്ച രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള ദേശീയ ചലച്ചിത്ര അവാർഡും, മികച്ച സംവിധായകനും നടിക്കുമുള്ള സംസ്ഥാന അവാർഡും ചിത്രത്തിന് ലഭിച്ചിരുന്നു.
Content Highlight: Sreenath Bhasi stated that Kappela and Roy were always special to him, adding that it was a movie that had to be withdrawn from theatres on the fifth day of its release.
