സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയുടെ ഈ സീസണിലെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്ൻ. ചാമ്പ്യൻസ് ലീഗിലെ മൂന്നാം മത്സരത്തിൽ സ്വന്തം തട്ടകമായ പാർക്ക് ഡെസ് പ്രിൻസസിൽ നടന്ന മത്സരത്തിൽ 4-2 എന്ന ത്രില്ലർ സ്കോറിലാണ് പി.എസ്.ജി കറ്റാലന്മാരെ കീഴടക്കിയത്.

11 മത്സരങ്ങളുടെ വിജയങ്ങളുടെ തലയെടുപ്പുമായെത്തിയ ഹാൻസി ഫ്ലിക്കിന്റെ സംഘത്തിനെതിരെ വ്യക്തമായ ആധിപത്യം പുലർത്താൻ ഫ്രഞ്ച് വമ്പൻമാർക്ക് സാധിച്ചു.

മത്സരത്തിൽ പി.എസ്.ജിക്ക് വേണ്ടി ഡെസിറെ ഡൗ, ലൂക്കാസ് ഹെർണാണ്ടസ്, വിറ്റിൻഹ, ഫാബിയൻ റൂയിസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. ലാമിൻ യമാൽ, സാവി എസ്പാർട്ട് എന്നിവരാണ് കറ്റാലന്മാർക്ക് വേണ്ടി വലകുലുക്കിയത്.

ഈ മത്സരത്തിലും നാല് ഗോളുകളുടെ ആധിപത്യത്തിൽ വിജയം സ്വന്തമാക്കിയതോടെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്കെതിരെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നാല് ഗോളുകൾ നേടുന്ന ടീമായും പി.എസ്.ജി മാറി. ഇത് നാലാം തവണയാണ് ബാഴ്സയുടെ പോസ്റ്റിലേക്ക് പാരീസ് ഗോൾ മഴ പെയ്യിപ്പിക്കുന്നത്.

2017 ചാമ്പ്യൻസ് ലീഗിൽ റൗണ്ട് ഓഫ് 16ൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് പി.എസ്.ജി ബാഴ്‌സയെ കീഴടക്കിയിരുന്നു. എന്നാൽ സെക്കന്റ് ലെഗിൽ പാരീസിനെതിരെ ആറ് ഗോളുകൾ നേടി ബാഴ്സ അവിശ്വസനീയ തിരിച്ചുവരവ് നടത്തി.

2021ലായിരുന്നു പിന്നീട്‌ ബാഴ്സയുടെ പോസ്റ്റിലേക്ക് പി.എസ്.ജി നാല് ഗോളുകൾ അടിച്ചുകയറ്റിയത്. ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ കിലിയൻ എംബാപ്പെയുടെ ഹാട്രിക് കരുത്തിൽ പി.എസ്.ജി 4-1നായിരുന്നു അന്ന് ജയിച്ചുകയറിയത്.

2024ലായിരുന്നു പി.എസ്.ജിയുടെ മറ്റൊരു നാല് ഗോളുകളുടെ വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പി.എസ്.ജി ബാഴ്‌സയെ കീഴടക്കിയത്.

ഇപ്പോൾ രണ്ട് വർഷങ്ങൾക്ക് ശേഷം ഇത്തരത്തിലൊരു വിജയം വീണ്ടും അവർത്തിച്ചുകൊണ്ട് ചരിത്രത്തിൽ മറ്റൊരു ടീമിനും നേടാനാവാത്ത റെക്കോഡും നിലവിലെ ചാമ്പ്യന്മാർ കൈവരിച്ചിരിക്കുകയാണ്.

ഈ തകർപ്പൻ വിജയത്തോടെ നിലവിൽ യു.സി.എൽ പോയിന്റ് പട്ടികയിൽ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് പി.എസ്.ജി. മറുഭാഗത്ത് മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ഒരു തോൽവിയുമായി അഞ്ചാം സ്ഥാനത്താണ് ബാഴ്സലോണ.

ഫ്രഞ്ച് ലീഗിൽ ഒക്ടോബർ 26ന് ഒളിമ്പിക് ലിയോണിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. സ്പാനിഷ് ലീഗിൽ റയൽ മാഡ്രിഡിനെതിരെയുള്ള എൽ ക്ലാസിക്കോ പോരാട്ടമാണ് ഇനി ബാഴ്സയുടെ മുന്നിലുള്ളത്. ഒക്ടോബർ 26ന് തന്നെയാണ് ഈ മത്സരവും അരങ്ങേറുക.

 

Content Highlight: PSG create a historical record against Barcelona in UEFA champions league