bjp

[]തിരുവനന്തപുരം: ബി.ജെ.പി ദേശീയ നേതൃത്വത്തിനെ വെല്ലുവിളിച്ച് സംസ്ഥാന ഘടകത്തില്‍ വിമതര്‍ രംഗത്ത്. വിവിധ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രമേയം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുന്‍ ദേശീയ സെക്രട്ടറി പി.കെ കൃഷ്ണദാസിനെ അനുകൂലിക്കുന്ന വിഭാഗം രംഗത്തെത്തി. ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് പ്രമേയം എന്ന ആവശ്യവുമായി വിമതര്‍ രംഗത്തെത്തിയത്.

പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ കേരളം സന്ദര്‍ശിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമതപക്ഷം രംഗത്തുവന്നത്. സംസ്ഥാന ഗവര്‍ണര്‍ നിയമനം, മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിന് ഗവര്‍ണര്‍ സ്ഥാനം നല്‍കാത്തത്, പി.കെ കൃഷ്ണദാസിനെ ദേശീയ നേതൃത്വം തഴഞ്ഞത് എന്നീ വിഷയങ്ങളാണ് വിമതര്‍ ചൂണ്ടിക്കാട്ടിയത്. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ ഗവര്‍ണറായി നിയമിച്ച നടപടിയെയും ഇവര്‍ വിമര്‍ശിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രമേയം എന്ന വിമതരുടെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി.

പി.കെ കൃഷ്ണദാസിനെ ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് ശരിയായില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്‍ അഭിപ്രായപ്പെട്ടു. ഈ വികാരം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും പ്രമേയമായി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഭൂരിപക്ഷവും ഇക്കാര്യം തള്ളി.

അതിനിടെ, ജന്മഭൂമിയില്‍ കോണ്‍ഗ്രസ് മാണി വിഭാഗത്തെക്കൂടി എന്‍.ഡി.എയില്‍ ഉള്‍പ്പെടുത്തണമെന്ന ലേഖനം എഴുതി വിവാദം ഉണ്ടാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഔദ്യോഗിക വിഭാഗം ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസ്ഥാന സമിതി അംഗവും റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍ താന്‍ വ്യക്തിപരമായ അഭിപ്രായമാണ് ലേഖനത്തില്‍ പ്രകടിപ്പിച്ചതെന്ന് വിശദീകരിച്ച് ഖേദം പ്രകടിപ്പിച്ചു.

യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി തെളിയിക്കുന്നതാണ് മുഖ്യലക്ഷ്യമെന്നും അതിനുശേഷമാകാം കേരളത്തില്‍ എന്‍.ഡി.എ മുന്നണിയുടെ വിപുലീകരണമെന്നും രാഷ്ട്രീയ പ്രമേയം നിര്‍ദേശിക്കുന്നു.

എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലെ സി.പിഐ.എം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് എന്നീ കക്ഷികള്‍ ഒഴികെ മറ്റേത് കക്ഷികളുമായും രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് പ്രയാസമുണ്ടാകില്ലെന്ന പ്രമേയം പറയുന്നു.

സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനാണ് സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്തത്. എം.ടി രമേശ്, കെ. സുരേന്ദ്രന്‍, കെ.പി ശ്രീശന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. തിങ്കളാഴ്ച ദേശീയ പ്രസിഡന്റ് അമിത് ഷായുടെ അഭിസംബോധനയോടെ യോഗം സമാപിക്കും.