ന്യൂദല്‍ഹി: രണ്ടു വര്‍ഷത്തേക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ഒളിമ്പ്യനുമായ അസ്‌ലം ശേര്‍ ഖാന്‍. രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തില്‍, അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ മറ്റാരും മുന്നോട്ടു വന്നില്ലെങ്കില്‍ തനിക്ക് അവസരം നല്‍കണമെന്ന് അസ്‌ലം രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പറയുന്നു.

രണ്ടു വര്‍ഷത്തേക്കു മാത്രം കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടിയെ സേവിക്കാന്‍ ഞാന്‍ തയ്യാറാണ്. കത്തില്‍ അസ്‌ലം പറയുന്നു.

അന്താരാഷ്ട്ര ഹോക്കി കളിക്കാരന്‍ എന്ന നിലയിലും പിന്നീട് രാഷ്ട്രീയക്കാരനെന്ന നിലയിലും ആര്‍ജിച്ച അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ ഇത് ആവശ്യപ്പെടുന്നതെന്ന് കത്തില്‍ അസ്‌ലം പറയുന്നുണ്ട്. ‘കളിയുടെ ഗതി മാറ്റാന്‍ തന്ത്രപൂര്‍വം പകരക്കാരെ ഇറക്കേണ്ടതുണ്ട്’- അസ്‌ലം പറയുന്നു.

ഇത്തരം സാഹചര്യത്തില്‍ എങ്ങനെ പ്രതികരിക്കണം എന്നത് ഒരു ഹോക്കി കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ തെളിയിച്ചിട്ടുണ്ട്. 1975ലെ ഹോക്കി ലോകകപ്പ് നേട്ടത്തെ പരാമര്‍ശിച്ചു കൊണ്ട് അസ്‌ലം പറയുന്നു.

കോണ്‍ഗ്രസിനെ സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് വീണ്ടും എത്തിക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അസ്‌ലം കത്ത് അവസാനിപ്പിക്കുന്നത്.

കത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അസ്‌ലം നല്‍കിയ മറുപടി ഇങ്ങനെ, ‘തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഞാനാ കത്തെഴുതിയത്. രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയുകയാണെന്നും, തന്‍റെ കുടുംബത്തില്‍ നിന്നല്ലാതെ മറ്റൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞപ്പോഴാണ് ഞാനത് ചെയ്തത്’.

‘നിങ്ങള്‍ക്ക് നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാളെ വേണമെങ്കില്‍, മറ്റാരും മുന്നോട്ടു വരുന്നില്ലെങ്കില്‍ എനിക്കൊരവസരം തരൂ. ഞാന്‍ മുന്നോട്ടു വരികയാണ്. രണ്ടു വര്‍ഷത്തേക്ക് താല്‍കാലിക ചുമതല നല്‍കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിനെ വീണ്ടും ദേശീയതയുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യം നിലവിലുണ്ട്’- അദ്ദേഹം പറഞ്ഞു.