ബെംഗളൂരു: യെദ്യൂരപ്പയുടെ രാജിയില്‍ അഹ്ലാദം പ്രകടിപ്പിച്ച് വിവിധ ദേശീയ നേതാക്കള്‍. ജനാധിപത്യത്തിന്റെ വിജയമാണെന്നും കര്‍ണാടകയ്ക്ക് അഭിനന്ദനങ്ങള്‍ എന്നുമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്. “ജനാധിപത്യം ജയിച്ചു. കര്‍ണാടകയ്ക്ക് അഭിനന്ദനങ്ങള്‍, ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും അഭിനന്ദനങ്ങള്‍, കോണ്‍ഗ്രസിനും വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍” എന്നാണ് മമത ട്വിറ്ററില്‍ കുറിച്ചത്.
കര്‍ണാടകയില്‍ ജനാധിപത്യം ജയിച്ചിരിക്കുന്നു എന്നാണ് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തത്. “ഭരണഘടനാ വിരുദ്ധമായ നടപടികള്‍ക്കുള്ള ബി.ജെ.പിയുടെ ഗൂഢാലോചനകള്‍ പരാജയപ്പെട്ടിരിക്കുന്നു.”- അദ്ദേഹം കുറിച്ചു.
“പാവം യെദ്യൂരപ്പ, പാവ കളിക്കാരന്‍ വീണപ്പോള്‍ പാവയും വീണുടഞ്ഞു.” എന്നാണ് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പ്രതികരിച്ചത്.
അത്യന്തം നാടകീയമായ സാഹചര്യങ്ങള്‍ക്കൊടുവിലാണ് യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജി വച്ചത്. വിശ്വാസ വോട്ടെയുപ്പിന് മിനിറ്റുകള്‍ ശേഷിക്കെയാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. ദേശീയ തലത്തല്‍ തന്നെ ബി.ജെ.പിക്ക് നാണക്കേടുണ്ടാക്കുന്നതാണ് രാജി.
വികാരനിര്‍ഭരമായ പ്രസംഗത്തിനൊടുവിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്. പ്രസംഗത്തിനിടെ യെദ്യൂരപ്പ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു. കോണ്‍ഗ്രസിനെതിരെയാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും യെദ്യൂരപ്പ ആരോപിച്ചു.
