കൊച്ചി: വി.എസിനേയും പിള്ളയേയും ഒരുമിച്ചിരുത്തി മുന്നണി ശക്തിപ്പെടുത്താനുള്ള തീരുമാനം അപാരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കാരനെന്ന് പറഞ്ഞാണ് ആര്‍. ബാലകൃഷ്ണപിള്ളയെ വി.എസ് അച്യുതാനന്ദന്‍ ജയിലിലാക്കിയത്. അഴിമതിയുമായി സന്ധി ചെയ്യാന്‍ സി.പി.ഐ.എമ്മിന് മടിയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലമത്രയും സി.പി.ഐ.എമ്മിന് അനഭിമതരായവര്‍ പെട്ടെന്ന് പരിശുദ്ധരായതിന്റെ തെളിവാണ് ഇടതുമുന്നണി വിപുലീകരണമെന്ന് ചെന്നിത്തല ആരോപിച്ചു.
“വീരേന്ദ്രകുമാര്‍ ഭൂമി കയ്യേറ്റക്കാരനാണെന്ന നിലപാട് മാറ്റിയോ എന്ന് സി.പി.ഐ.എം വ്യക്തമാക്കണം. എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നാല്‍ ശ്രേഷ്ഠര്‍, അല്ലെങ്കില്‍ അധമര്‍ എന്നാണ് അവരുടെ നയം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുന്നണി വിപുലീകരണം. എന്നാല്‍, ഇതുകൊണ്ടൊന്നും ഇടതുമുന്നണി ശക്തമാക്കാന്‍ കഴിയില്ല”- ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്യുന്നത് നാറാണത്ത് ഭ്രാന്തന്‍ ചെയ്തതു പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “മനിതി സംഘത്തെ മുകളിലെത്തിക്കുന്നു, തൊട്ടുപിന്നാലെ താഴെയിറക്കുന്നു. ഇവരെ ആരാണ് കൊണ്ടുപോയത്, തിരിച്ചിറക്കിയത് തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തണം.
ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും പുഷ്ടിപ്പെടുത്തുക എന്ന അജണ്ടയാണ് സര്‍ക്കാറിനുള്ളത്. വനിതാ മതില്‍ എന്ന വര്‍ഗീയ മതിലിലൂടെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുകയാണോ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണ”മെന്നും ചെന്നിത്തല പറഞ്ഞു.
“നിലവില്‍ സംസ്ഥാനത്തെ നവോത്ഥാനത്തിന് ഒരു കുഴപ്പവുമില്ല. ഇല്ലാത്ത പ്രശ്‌നം ചൂണ്ടിക്കാട്ടി, വര്‍ഗീയത പരത്തുകയാണ്. മതിലിന് ആളെകൂട്ടാനായി ഭരണ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ക്ഷേമപെന്‍ഷനില്‍ നിന്നുപോലും കൊള്ളയടിച്ചും നിര്‍ബന്ധിത പണപ്പിരിവ് നടത്തിയുമാണ് ഫണ്ടുണ്ടാക്കുന്നത്.
18 വയസ്സില്‍ താഴെയുള്ളവരെ പങ്കെടുപ്പിക്കരുതെന്ന കോടതി ഉത്തരവിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം വനിതാമതിലിന് പിന്നാലെ പോവുന്നതിനാല്‍ സംസ്ഥാനത്ത് ഭരണ സ്തംഭനമാണ്. മതിലിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും” ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
