2026 ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ധര്‍മശാലയില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ 92 റണ്‍സിനാണ് ബെംഗളൂരു ഗുജറാത്തിനെ തകര്‍ത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഗുജറാത്തിനെതിരെ ഉയര്‍ത്തിയത്. വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
𝗕𝗔𝗖𝗞-𝗧𝗢-𝗕𝗔𝗖𝗞 #𝗧𝗔𝗧𝗔𝗜𝗣𝗟 𝗙𝗜𝗡𝗔𝗟𝗦. ❤️🔥
Every chant. Every cheer. Every moment of support from the 12th Man Army brought us here. 🥹❤️
One last dance awaits in Ahmedabad. ✊ pic.twitter.com/7fUmCfgwDv
— Royal Challengers Bengaluru (@RCBTweets) May 26, 2026
മത്സരം പരാജയപ്പെട്ടെങ്കിലും അര്‍ധ സെഞ്ച്വറി നേടിയ രാഹുല്‍ തെവാട്ടിയയുടെ പോരാട്ടം ഏറെ ശ്രദ്ധേയമായത്. 43 പന്തില്‍ എട്ട് ഫോറുകളും നാല് സിക്സുകളുമടക്കം 68 റണ്‍സാണ് താരം നേടിയത്.
ഈ ഒറ്റയാള്‍ പോരാട്ടത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് തെവാട്ടിയ സ്വന്തമാക്കിയത്. ഐ.പി.എല്‍ പ്ലേ ഓഫില്‍ ഒരു മത്സരത്തില്‍ ഏഴാം നമ്പറിലോ അതില്‍ താഴെയോ ബാറ്റ് ചെയ്യുന്ന ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്.
Valiant knock by Tewatia. pic.twitter.com/YfyqJXTAPp
— Gujarat Titans (@gujarat_titans) May 26, 2026
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എം.എസ് ധോണിയെ മറികടന്നാണ് തിവാട്ടിയയുടെ നേട്ടം. 2013 ഐ.പി.എല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 63 റണ്‍സായിരുന്നു ധോണി അടിച്ചെടുത്തിരുന്നത്. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ റെക്കോഡും തകര്‍ന്നിരിക്കുകയാണ്.

അതേസമയം ക്യാപ്റ്റന്‍ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 33 പന്തില്‍ നിന്നും പുറത്താവാതെ 93 റണ്‍സ് നേടിയാണ് ആര്‍.സി.ബി ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒമ്പത് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
വിരാട് കോഹ്ലി, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ 43 റണ്‍സ് വീതവും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. ദേവദത്ത് പടിക്കല്‍ 30 റണ്‍സും സ്വന്തമാക്കി.
ആര്‍.സി.ബിയുടെ ബൗളിങ് നിരയില്‍ ജേക്കബ് ഡഫിയും ഭുവനേശ്വര്‍ കുമാറും മിന്നും പ്രകടനം നടത്തിയപ്പോള്‍ ഗുജറാത്ത് ബാറ്റിങ് തകരുകയായിരുന്നു. ഡഫി മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, റാഷിഖ് സലാം, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ജോഷ് ഹേസല്‍വുഡ് ഒരു വിക്കറ്റും കൈപ്പിടിയിലാക്കിയ ആര്‍.സി.ബിയുടെ വിജയത്തില്‍ നിര്‍ണായകമായി.
ഗുജറാത്തിന്റെ ബൗളിങ് നിരയില്‍ ജേസണ്‍ ഹോള്‍ഡര്‍, കാഗിസൊ റബാദ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ നേടി തിളങ്ങിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Rahul Tewatia break MS Dhoni 13 years old record in ipl play off
