ന്യൂദല്‍ഹി: വനിതാ ബില്ലിനായി പിന്തുണ ആവശ്യപ്പെടുന്ന കത്തുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിമാര്‍ക്കയച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നിലൊന്ന് സീറ്റുകളില്‍ സ്ത്രീകള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന പ്രമേയം കോണ്‍ഗ്രസ് ഒറ്റയ്ക്കും സഖ്യമായും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ പാസാക്കണമെന്നാണ് കത്തില്‍ ആവശ്യ്പപെട്ടിട്ടുള്ളത്.
ഇനി ചേരാനിരിക്കുന്ന സഭാ സമ്മേളനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയുള്ള പ്രമേയം പാസാക്കണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം.
പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനകണക്ക് നോക്കുമ്പോള്‍ ലോകത്തെ 193 രാജ്യങ്ങളില്‍ ഇന്ത്യ 148-ാം സ്ഥാനത്താണ്. സംസ്ഥാന അസംബ്ലികളില്‍ സ്ഥിതി ഇതിനേക്കാള്‍ പരിതാപകരമാണെന്നും രാഹുലിന്റെ കത്തില്‍ പറയുന്നു.
Also Read: സര്‍ക്കാര്‍ പ്രകോപിപ്പിക്കാതിരുന്നതിനാലാണ് ശബരിമല സമരത്തിന്റെ ഊര്‍ജ്ജം കുറഞ്ഞു പോയത്: കെ. സുരേന്ദ്രന്‍
രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും വ്യവസ്ഥാപിത അനീതികള്‍ നിലനിര്‍ത്തുകയും ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യം നല്ല വനിതാ നേതാക്കളെ സൃഷ്ടിക്കാന്‍ ഉപകരിച്ചുവെന്ന് മാത്രമല്ല നിലനിന്നിരുന്ന പരമ്പരാഗതമായ ലിംഗാധിപത്യത്തെ പൊതുസമൂഹത്തില്‍ വെല്ലുവിളിക്കാന്‍ അവര്‍ക്കായെന്നും രാഹുലിന്റെ കത്തില്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട ബില്‍ 2010ല്‍ പാസ്സാക്കിയിരുന്നുവെങ്കിലും 2014ല്‍ ലോക്‌സഭ പിരിച്ചു വിട്ടതോടെ അസാധുവാകുകയായിരുന്നു.
രാഹുലിനെ കൂടാതെ ബി.ജെ.ഡി പ്രസിഡന്റും ഒഡീഷ മുഖ്യമന്ത്രയുമായ നവീന്‍ പട്‌നായികും ഇത്തരത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.
