ഇനി അധികകാലം കാത്തിരിക്കണ്ട, കറുപ്പ് എപ്പോള്‍ വരുമെന്ന് ഔദ്യോഗികമായി അറിയിച്ച് സംവിധായകന്‍ ആര്‍.ജെ ബാലാജി
Indian Cinema
ഇനി അധികകാലം കാത്തിരിക്കണ്ട, കറുപ്പ് എപ്പോള്‍ വരുമെന്ന് ഔദ്യോഗികമായി അറിയിച്ച് സംവിധായകന്‍ ആര്‍.ജെ ബാലാജി
അമര്‍നാഥ് എം.
Sunday, 15th February 2026, 3:28 pm

സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ അത്രകണ്ട് നല്ല സ്ഥിതയില്ലാത്ത സൂര്യയുടെ അടുത്ത തിയേറ്റര്‍ റിലീസാണ് കറുപ്പ്. 2024ല്‍ അനൗണ്‍സ് ചെയ്ത ചിത്രം അടുത്തിടെയാണ് ഷൂട്ട് പൂര്‍ത്തിയായത്. കഴിഞ്ഞവര്‍ഷം ദീപാവലിക്ക് റിലീസാകുമെന്നറിയിച്ച ചിത്രം ഷൂട്ട് നീണ്ടുപോയത് നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയായി മാറി.

ആര്‍.ജെ ബാലാജി Photo: Screen grab/ Behindwoods TV

പൊങ്കലിന് മറ്റ് വമ്പന്‍ സിനിമകള്‍ ഇല്ലാതിരുന്നിട്ടും ഒ.ടി.ടി ഡീല്‍ നടക്കാത്തതിനാല്‍ റിലീസ് വീണ്ടും നീണ്ടുപോയി. മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്‌തേക്കുമെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ കറുപ്പിന്റെ റിലീസില്‍ വ്യക്തത വരുത്തുകയാണ് സംവിധായകന്‍ ആര്‍.ജെ ബാലാജി. കഴിഞ്ഞദിവസം ചെന്നൈയില്‍ നടന്ന അവാര്‍ഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കറുപ്പ് എപ്പോള്‍ വരുമെന്ന കാര്യത്തില്‍ പലരും ആകാംക്ഷയിലാണ്. സിനിമയുടെ വര്‍ക്കെല്ലാം അവസാനിച്ചു. റിലീസിന് ചിത്രം തയാറെടുക്കുകയാണ്. കുറെ നാളായി കറുപ്പിന്റെ വര്‍ക്കുകള്‍ തീര്‍ക്കാനുള്ള തിരക്കിലായിരുന്നു ഞാന്‍. കഴിഞ്ഞദിവസമാണ് എല്ലാം തീര്‍ന്നത്. പടത്തിന്റെ റിലീസിന് മുമ്പ് വലിയ ബില്‍ഡപ്പ് കൊടുത്ത് റിലീസായതിന് ശേഷം പറഞ്ഞതുപോലെ വന്നില്ലെങ്കില്‍ നല്ല ട്രോളുകള്‍ കിട്ടുന്ന സമയമാണിത്.

പക്ഷേ, എല്ലാവരോടും സത്യം പറയണമെന്നാണ് എന്റെ ആഗ്രഹം. ഒരൊറ്റ സിനിമ മാത്രം ചെയ്തിട്ട് നമ്മള്‍ വെറുതേയിരിക്കാന്‍ പോവുകയല്ല. ഇപ്പോള്‍ സത്യം പറഞ്ഞ് അത് അതുപോലെ വന്നാല്‍ അടുത്ത തവണ ഞാന്‍ പറയുന്ന കാര്യവും ആളുകള്‍ വിശ്വസിക്കും. കറുപ്പ് നല്ല രീതിയില്‍ ഒരുക്കിവെച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് എന്തായാലും ഇഷ്ടമാകും,’ ബാലാജി പറഞ്ഞു.

അജിത് നായകനായ വലിമൈയാണ് ഇതിന് മുമ്പ് അപ്‌ഡേറ്റിന്റെ കാര്യത്തില്‍ വലിയ ചര്‍ച്ചയായ സിനിമയെന്ന് ബാലാജി പറയുന്നു. എല്ലായിടത്തും വലിമൈയുടെ അപ്‌ഡേറ്റ് ഫാന്‍സ് ചോദിച്ചത് വലിയ വാര്‍ത്തയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒരു വര്‍ഷമായി എല്ലായിടത്തും കറുപ്പിന്റെ അപ്‌ഡേറ്റ് ചോദിച്ചുകൊണ്ടിരുന്നെന്നും സംവിധായകന്‍ പറഞ്ഞു.

‘പടത്തിന്റെ റിലീസിന് മുമ്പ് ഒ.ടി.ടി, സാറ്റലൈറ്റ് റൈറ്റുകളുടെ കാര്യം ശരിയാക്കണം. അതിനും കുറച്ച് സമയമെടുത്തു. ഈ വര്‍ഷം സമ്മറില്‍ കറുപ്പ് തിയേറ്ററുകളിലെത്തും. സമ്മറില്‍ ഇലക്ഷന് ശേഷമാകും ഈ സിനിമയുടെ റിലീസ്. കുടുംബത്തോടൊപ്പം കണ്ട് ആസ്വദിക്കാവുന്ന സിനിമ തന്നെയാണ് കറുപ്പ്,’ ആര്‍.ജെ ബാലാജി പറയുന്നു.

സൂര്യക്ക് പുറമെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ഇന്ദ്രന്‍സ്, സ്വാസിക, നടരാജ സുബ്രഹ്‌മണ്യം തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സായ് അഭ്യങ്കറാണ് കറുപ്പിന് സംഗീതം നല്‍കിയിരിക്കുന്നത്. സൂര്യയുടെ ഹിറ്റില്ലാ സ്ട്രീക്കിന് കറുപ്പ് ഫുള്‍ സ്റ്റോപ്പിടുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: R J Balaji announces the release of Karuppu movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം