അവന്റെ ആത്മവിശ്വാസത്തിലോ ഷോട്ട് റേഞ്ചിലോ ഒരു കുറവുമില്ല; പിന്തുണയുമായി അശ്വിന്‍
Cricket
അവന്റെ ആത്മവിശ്വാസത്തിലോ ഷോട്ട് റേഞ്ചിലോ ഒരു കുറവുമില്ല; പിന്തുണയുമായി അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Monday, 2nd February 2026, 6:46 pm

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. കാര്യവട്ടത്ത് നടന്ന അവസാന മത്സരത്തിലും വിജയിച്ചാണ് ഇന്ത്യ വിജയക്കുതിപ്പ് തുടര്‍ന്നത്. മത്സരത്തില്‍ സൂപ്പര്‍ താരം ഇഷാന്‍ കിഷന്‍ സെഞ്ച്വറിയടിച്ച് മിന്നും പ്രകടനമാണ് നടത്തിയത്. രണ്ട് വര്‍ഷത്തിന് മുമ്പ് ടീമില്‍ നിന്ന് പുറത്തായ ശേഷമാണ് താരത്തിന്റെ തിരിച്ചുവരവ്. ഇപ്പോള്‍ കിഷനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍.

ഇഷാന്‍ കിഷന്‍ കാര്യവട്ടത്ത് നേടിയത് വെറുമൊരു സെഞ്ച്വറിയല്ലെന്നും ലോകകപ്പിലേക്കുള്ള വരവാണ് ബാറ്റിങ്ങിലൂടെ ഇഷാന്‍ തെളിയിച്ചതെന്നും അശ്വിന്‍ പറഞ്ഞു. ടീമില്‍ നിന്ന് പുറത്തായെങ്കിലും കിഷന്‍ തിരിച്ചെത്തിയത് പഴയതിനേക്കാള്‍ ഇരട്ടി പ്രഹരശേഷിയുമായാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഇഷാന്‍ കിഷന്‍ കാര്യവട്ടത്ത് നേടിയത് വെറുമൊരു സെഞ്ച്വറിയല്ല. ലോകകപ്പിലേക്കുള്ള വരവാണ് ബാറ്റിങ്ങിലൂടെ ഇഷാന്‍ തെളിയിച്ചത്. ടീമില്‍ നിന്ന് പുറത്തായിരുന്ന രണ്ട് വര്‍ഷത്തെക്കുറിച്ച് ഇഷാന് ഇനി അഭിമാനത്തോടെ പറയാം, ഞാനെന്റെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയായിരുന്നു എന്ന്.

2023 ഏകദിന ലോകകപ്പ് ടീമില്‍ അവന്‍ എന്റെ കൂടെ ഉണ്ടായിരുന്നു. പിന്നീട് ടീമില്‍ നിന്ന് പുറത്തായെങ്കിലും, തിരിച്ചെത്തിയത് പഴയതിനേക്കാള്‍ ഇരട്ടി പ്രഹരശേഷിയുമായാണ്. അവന്റെ ആത്മവിശ്വാസത്തിലോ ഷോട്ട് റേഞ്ചിലോ ഒരു കുറവുമില്ല. അവിശ്വസനീയം എന്ന വാക്ക് പോലും അവന്റെ പ്രകടനത്തിന് മതിയായ അഭിനന്ദനമാവില്ല,’ അശ്വിന്‍ പറഞ്ഞു.

അതേസമയം കാര്യവട്ടത്ത് നടന്ന അവസാന മത്സരത്തില്‍ കന്നി ടി-20 സെഞ്ച്വറിയടിച്ചാണ് കിഷന്‍ കരുത്ത് കാട്ടിയത്. 43 പന്തില്‍ 103 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 10 സിക്സുകളും ആറ് ഫോറുമടക്കമാണ് ഇടം കൈയ്യന്‍ ബാറ്ററുടെ ഇന്നിങ്‌സ്.

Content Highlight: R Ashwin Talking About Ishan Kishan

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ