അവന്‍ തിളങ്ങിയാല്‍ ആരെകൊണ്ടും രാജസ്ഥാനെ തടയാന്‍ സാധിക്കില്ല: അശ്വിന്‍
Cricket
അവന്‍ തിളങ്ങിയാല്‍ ആരെകൊണ്ടും രാജസ്ഥാനെ തടയാന്‍ സാധിക്കില്ല: അശ്വിന്‍
ഫസീഹ പി.സി.
Sunday, 22nd March 2026, 4:01 pm

കൗമാര താരം വൈഭവ് സൂര്യവംശി തിളങ്ങിയാല്‍ രാജസ്ഥാന്‍ റോയല്‍സിനെ തടയുക പ്രയാസമാണെന്ന് സ്പിന്‍ ഇതിഹാസം ആര്‍. അശ്വിന്‍. വൈഭവ് ഈ സീസണില്‍ പതിവ് ശൈലിയില്‍ കളിച്ചാല്‍ ടൂര്‍ണമെന്റില്‍ ആര്‍.ആര്‍ ഏറെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നും എന്നാല്‍ അവന്‍ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

അണ്ടര്‍ 19 ലോകകപ്പിലും കഴിഞ്ഞ ഐ.പി.എല്ലിലും കളിച്ച ശൈലി തന്നെ വൈഭവ് പിന്തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇത്തവണ ടീമുകള്‍ അവനെതിരെ തന്ത്രങ്ങള്‍ മെനയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആര്‍. അശ്വിന്‍.

ആര്‍. അശ്വിന്‍.

‘ഈ സീസണില്‍ വൈഭവ് സൂര്യവംശി ഫോമിലായാല്‍ രാജസ്ഥാനെ ആരെകൊണ്ടും തടയാനാവില്ല. അവന്‍ പതിവ് ശൈലി പുറത്തെടുത്താല്‍ ആര്‍. ആറിനെ തോല്‍പ്പിക്കുക എന്നത് അസാധ്യമാകും. പക്ഷേ, അവന്‍ കുട്ടിയാണെന്നും ഇത് അവന്റെ രണ്ടാമത്തെ മാത്രം സീസണാണെന്നും നമ്മള്‍ മറക്കരുത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അവനെക്കുറിച്ച് ഒരുപാട് സംസാരിക്കും, പക്ഷേ അവനെ സമ്മര്‍ദത്തിലാക്കരുത്.

എന്നാല്‍, വൈഭവ് അതിശയ പ്രതിഭയാണ്. അണ്ടര്‍ 19 ലോകകപ്പിലും കഴിഞ്ഞ ഐ.പി.എല്ലിലും കളിച്ച അതേ ശൈലി തന്നെ അവന്‍ പിന്തുടരണമെന്നാണ് ഞാന്‍ കരുതുന്നത്. ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാനാണ് അവന്‍ ശ്രമിക്കേണ്ടത്. പക്ഷേ, ഇത്തവണ അവനെതിരെ എതിര്‍ ടീമുകള്‍ തന്ത്രങ്ങള്‍ മെനയുന്നുണ്ടാവും,’ അശ്വിന്‍ പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: Rajasthan Royals/x.com

2025ലാണ് വൈഭവ് ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് ടീമിന്റെ ക്യാപ്റ്റനായ സഞ്ജു സാംസണിന് പരിക്കേറ്റതോടെ ടീമിലെത്തിയ താരം പിന്നീട് വെടിക്കെട്ട് ബാറ്റിങ്ങുമായി ആരാധകരുടെ മനസില്‍ ഇടം നേടി. വെറും ഏഴ് മത്സരങ്ങളില്‍ കളിച്ച താരം ആ സീസണില്‍ 252 റണ്‍സും സ്‌കോര്‍ ചെയ്തു.

കൂടാതെ, ഐ.പി.എല്ലിലെ തന്റെ കന്നി സെഞ്ച്വറി അരങ്ങേറ്റ സീസണില്‍ തന്നെ വൈഭവ് അടിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തിലായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം. പിന്നീട് ഈ ഫോം തന്നെ അണ്ടര്‍ 19 ലോകകപ്പിലും താരം തുടര്‍ന്നു.

Content Highlight: R Ashwin says that  no one can stop RR in IPL 2026 if Vaibhav Suryavanshi shines

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി