ലൂസിഫർ തുടക്കമായിരുന്നു, എമ്പുരാൻ മിഡിൽ പീസ്; കഥ പൂർണമായി പറയാനാണ് ആഗ്രഹം: പൃഥ്വിരാജ്
malayalam movie
ലൂസിഫർ തുടക്കമായിരുന്നു, എമ്പുരാൻ മിഡിൽ പീസ്; കഥ പൂർണമായി പറയാനാണ് ആഗ്രഹം: പൃഥ്വിരാജ്
നന്ദന. ടി
Friday, 26th June 2026, 5:00 pm

2019-ൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. അഞ്ച് വർഷത്തിന് ശേഷം പുറത്തിറങ്ങിയ രണ്ടാം ഭാഗമായ എമ്പുരാൻ റിലീസിന് മുമ്പ് തന്നെ വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രമായിരുന്നു. റിലീസിന് പിന്നാലെ ചിത്രത്തിലെ ചില രംഗങ്ങളും സംഭാഷണങ്ങളും ചർച്ചകൾക്ക് വഴിവെച്ചതോടെ അണിയറ പ്രവർത്തകർ ചില മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും പ്രദർശനത്തിനെത്തിച്ചിരുന്നു. അതിനിടെ ലൂസിഫറിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചും പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയുണ്ട്. ഇപ്പോഴിതാ എമ്പുരാന് ശേഷം മൂന്നാം ഭാഗം എപ്പോൾ എത്തുമെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ് സുകുമാരൻ. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൃഥ്വിരാജ്.photo.filmiBeat

‘പ്രേക്ഷകർ ഇപ്പോൾ കഥയുടെ ആദ്യ ഭാഗവും മധ്യഭാഗവും കണ്ടുകഴിഞ്ഞു. മുരളി ചേട്ടൻ പറഞ്ഞത് ‘എമ്പുരാൻ’ കഥയുടെ മിഡിൽ പീസ് ആണെന്നാണ്. അതുകൊണ്ട് തന്നെ ആ കഥ പൂർണമായി പറയണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. മൂന്നാം ഭാഗവും ചെയ്യുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. പക്ഷേ ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി സമയം തന്നെയാണ്. മോഹൻലാൽ സാറിന്റെ ഡേറ്റും എന്റെ ഡേറ്റും ഒത്തുവരണം. മുരളി ഗോപിയും തിരക്കേറിയ നടനാണ്. അദ്ദേഹം എഴുത്തിലേക്ക് കടക്കുമ്പോൾ അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുക്കുന്ന ആൾ ആണ്. സ്ക്രിപ്റ്റ് എഴുതാൻ മൂന്നോ നാലോ ദിവസം മതിയാകുമെങ്കിലും അതിന് മുമ്പ് മാസങ്ങളോളം കഥയെക്കുറിച്ച് ചിന്തിക്കുകയും ചിലവഴിക്കുകയും ചെയ്യും. സിനിമയുടെ മൂന്നാം ഭാഗം ആളുകൾ കാണണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് പക്ഷെ എല്ലാവരുടെയും സമയം ഒത്തുചേരുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി,’ പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യുടെ ചിത്രീകരണം പൃഥ്വിരാജ് അടുത്തിടെ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് പുറമെ നിസാം ബഷീറിന്റെ ‘ഐ, നോബഡി’, എസ്. എസ്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രമായ ‘വാരാണസി’ , മേഘ്‌ന ഗുൽസാറിന്റെ ‘ദായ്‌റ’, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’ എന്നിവ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

പൃഥ്വിരാജ്.photo.Filmi Beat

Content Highlight: Prithviraj talks about the third part of Lucifer

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം