തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി, തോമസിന്റെ ഭാര്യ മരുമകന്റെ ഷൂസ് തുടയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടു എന്ന ആരോപണവുമായി മുന്‍ ജീവനക്കാരി. മുന്‍ ജീവനക്കാരിയായ ഉഷയാണ് ഷൂസ് തുടയ്ക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് തന്നെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
മാത്യു ടി തോമസിന്റെ അമ്മയുടെ ശുശ്രൂഷയ്ക്ക് വേണ്ടിയായിരുന്നു നൂറനാട് സ്വദേശിയായ ഉഷ ജീവനക്കാരിയായി എത്തിയത്. മൂന്ന് വര്‍ഷത്തോളം ഇവര്‍ മന്ത്രിമന്ദിരത്തില്‍ തൊഴില്‍ ചെയ്തു.
ഇതിനിടെ ആണ് മരുമകന്റെ ഷൂ തുടച്ച് നല്‍കാന്‍ മന്ത്രിയുടെ ഭാര്യ ആവശ്യപ്പെട്ടത്. ഇത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ മന്ത്രിമന്ദിരത്തിലെ മറ്റൊരു ജീവനക്കാരിയെ കൊണ്ട് തനിക്കെതിരെ മോഷണക്കുറ്റം നല്‍കിച്ചെന്നും, ഉഷ ആരോപിക്കുന്നുണ്ട്. കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബത്തെ ഉപദ്രവിക്കുമെന്നും മന്ത്രിയുടെ ഭാര്യ ഭീഷണിപ്പെടുത്തിയത്രെ.
ഇക്കാര്യം പറയാന്‍ പലതവണ മാത്യു ടി തോമസിനെ കാണാന്‍ ശ്രമിച്ചെങ്കിലും, മന്ത്രി കാണാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി.
ഏപ്രില്‍ മാസത്തിലാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. ജനദാതള്‍ (എസ്) നേതാവാണ് മാത്യു ടി തോമസ്. ന്യൂസ് 18 ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
