ഹിന്ദി റീമേക്കിന് പിന്നാലെ ജിയോ ഹോട്ട്സ്റ്റാറിൽ നിന്ന് നീക്കം ചെയ്ത് ‘പ്രേമലു’
Malayalam Cinema
ഹിന്ദി റീമേക്കിന് പിന്നാലെ ജിയോ ഹോട്ട്സ്റ്റാറിൽ നിന്ന് നീക്കം ചെയ്ത് ‘പ്രേമലു’
അജ്മല്‍ കെ
Tuesday, 18th August 2026, 2:29 pm

നസ്‌ലെനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘പ്രേമലു’ 2024ൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം കേരളത്തിന് പുറത്തും വലിയ സ്വീകാര്യത നേടി. 100 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ‘പ്രേം കീടാണു’ ഒക്ടോബർ 2ന് റിലീസ് ചെയ്യാനിരിക്കെയാണ് മലയാളം പതിപ്പ് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപികുന്നത്. മലയാളം പതിപ്പ് താൽക്കാലികമായി മാറ്റിനിർത്തുന്നതിലൂടെ ഹിന്ദി റീമേക്കിന് കൂടുതൽ ശ്രദ്ധ ലഭിക്കുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പറയുന്നത്.

പ്രേം കീടാണു.Phot: Screengrab/ Youtube

‘പ്രേം കീടാണു’ എന്ന പേരിലെത്തുന്ന ഹിന്ദി റീമേക്ക് അപൂർവ് സിങ് കർക്കിയാണ് സംവിധാനം ചെയ്യുന്നത്. അപൂർവ് സിങ് കർക്കിയുടെ സംവിധാനത്തിൽ അവനിക ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. അപർശക്തി ഖുറാന, വീർ പഹാരിയ, അവിക സിംഗ്, രാകേഷ് ബെഡി, നിഖിൽ വിജയ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

മലയാളത്തിൽ നസ്‌ലെനും മമിത ബൈജുവും അവതരിപ്പിച്ച സച്ചിൻ, റീനു കഥാപാത്രങ്ങളുടെ ഹിന്ദി പതിപ്പാണ് പുതിയ താരങ്ങൾ അവതരിപ്പിക്കുന്നത്. യുവാക്കളുടെ സൗഹൃദം, പ്രണയം, സ്വപ്നങ്ങൾ, ജീവിതത്തിലെ നിരാശകൾ എന്നിവ തമാശ രൂപത്തിൽ അവതരിപ്പിച്ച ‘പ്രേമലു’ ഹിന്ദി പ്രേക്ഷകരിലേക്കും എത്തുന്നതോടെ ചിത്രം വീണ്ടും ചർച്ചയാകുകയാണ്.

ഇതിനിടെ, ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ‘പ്രേമലു’ റീമേക്കെന്ന് പറയുന്നുണ്ടെങ്കിലും ഒറിജിനൽ ചിത്രവുമായി കാര്യമായ സാമ്യമില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം. കഥയെ കോളജ് പശ്ചാത്തലത്തിലേക്ക് മാറ്റിയെന്നും ആദി സീനിയർ വിദ്യാർഥിയായിരിക്കുമെന്നുമാണ് ട്രെയ്‌ലറിൽ നിന്ന് ചിലർ വിലയിരുത്തുന്നത്. മികച്ച രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്ത ‘പ്രേമലു’ വിന്റെ റീമേക്ക് ബോളിവുഡ് വീണ്ടും നശിപ്പിക്കുമെന്ന തരത്തിലുള്ള ട്രോളുകളും കമന്റുകളും ട്രെയ്‌ലറിന് താഴെ നിറയുന്നുണ്ട്.

പ്രേം കീടാണു.Phot: Screengrab/ Youtube

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ‘പ്രേമലു’ നിർമിച്ചത്. സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി. ഹിന്ദി റീമേക്ക് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാലോകം.

Content highlight: Premalu removed from jio hotstar

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.