[] ന്യൂദല്‍ഹി: ദല്‍ഹി പശ്ചിംവിഹാറില്‍ പൂര്‍ണ ഗര്‍ഭിണിയായ മലയാളി യുവതിയെ ചവിട്ടിക്കൊന്ന ശേഷം കെട്ടിത്തൂക്കി. യുവതിയുടെ ഭര്‍ത്താവാണ് കൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
തൊടുപുഴ വണ്ടക്കാനം സ്വദേശി പ്രിന്‍സിയാണ്(27) ഭര്‍ത്താവിന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവായ അടൂര്‍ സ്വദേശി ഷൈജുവിനെ(28) പൊലീസ് അറസ്റ്റു ചെയ്തു. ഹോം നഴ്‌സുമാരെ നല്‍കുന്ന നഴ്‌സസ് ബ്യൂറോ നടത്തിവരുകയായിരുന്നു പ്രിന്‍സി. പൂര്‍ണ ഗര്‍ഭിണിയായിരുന്ന പ്രിന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഏതാനും മണിക്കൂറുകള്‍ ശേഷിക്കുമ്പോഴായിരുന്നു കൊലപാതകം.
ഏതാനും ദിവസം മുമ്പ് ഷൈജുവിനെ പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രിന്‍സിയുടെ പരാതി പ്രകാരം ഒരു വീട്ടില്‍ നിന്നും മറ്റൊരു യുവതിക്കൊപ്പമാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നത്. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പ്രിന്‍സിയെ ചവിട്ടി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ശേഷം വീടിന്റെ കുളിമുറിവഴി പുറത്തു ചാടിയ ഇയാള്‍ വീട് അകത്തു നിന്ന് പൂട്ടിയിട്ടിരിക്കുകയാണെന്ന് പറഞ്ഞ് ബഹളം വച്ചു. അയല്‍ക്കാര്‍ വന്ന് വാതില്‍ പൊളിച്ചപ്പോള്‍ പ്രിന്‍സിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രിന്‍സിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ട പൊലീസ് സംശയത്തിന്റെ പേരില്‍ ഷൈജുവിനെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പങ്ക് വ്യക്തമായത്.
