അസ്സലാമു അലൈക്കും പറഞ്ഞാല്‍ കൃത്യമായ മറുപടി; ജയ് ശ്രീരാമിനില്ല: ആപ്പിളിന്റെ സിറി ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍
India
അസ്സലാമു അലൈക്കും പറഞ്ഞാല്‍ കൃത്യമായ മറുപടി; ജയ് ശ്രീരാമിനില്ല: ആപ്പിളിന്റെ സിറി ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍
നിഷാന. വി.വി
Saturday, 4th July 2026, 9:02 am

ഭോപ്പാല്‍: ഐഫോണിലെ വോയ്‌സ് അസിസ്റ്റന്റായ ‘സിറി’ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്ത്. ആപ്പിള്‍ കമ്പനി ഹൈന്ദവ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വാര്‍ത്താ സമ്മേളനം വിളിച്ചായിരുന്നു തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ പവന്‍ പഥക് ആപ്പിളിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ‘ അസ്സലാമു അലൈക്കും’ എന്ന മുസ്‌ലിം അഭിവാദ്യത്തിന് സിറി കൃത്യമായി മറുപടി നല്‍കുന്നുണ്ടെന്നും എന്നാല്‍ ജയ്ശ്രീറാം എന്ന് പറയുമ്പോള്‍ പൂര്‍ണമായും മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ലൈവ് ഡെമോണ്‍സ്‌ട്രേഷന്‍ നടത്തിയായിരുന്നു ആപ്പിളിനെതിരായ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍. ഉജ്ജൈനിലെയും ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് ഹിന്ദുക്കള്‍ ഐഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും എന്നാല്‍ കമ്പനി തങ്ങളെ വഞ്ചിക്കുകയാണെന്നും ഇയാള്‍ ആരോപിച്ചു.

‘ജയ് ശ്രീറാം’, ‘ജയ് ശ്രീ മഹാകാല്‍’ എന്നീ കമാന്‍ഡുകള്‍ നല്‍കിയിട്ടും സിറി പ്രതികരിച്ചിരുന്നില്ല. ഇതാണ് ഹിന്ദുത്വ പ്രവര്‍ത്തകനെ ചൊടിപ്പിച്ചത്. ആപ്പിളിന്റെ ഇത്തരത്തിലുള്ള സമീപനം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണെന്നും കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലുള്ളതെന്നും പഥക് പറഞ്ഞു.

ഐഫോണുകള്‍ ഇന്ത്യയില്‍ ഒരു പദവിയുടെ ഭാഗമായി മാറിയിരിക്കുകയാണെന്നും ഉയര്‍ന്ന വിലയായിരുന്നിട്ടും പലരും വായ്പയെടുത്താണ് ഇവ വാങ്ങുന്നതെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തില്‍ ആപ്പിള്‍ കമ്പനി ഇത് വരെ പ്രതികരിച്ചിട്ടില്ല.

Content Highlight: Precise response to ‘Assalamu Alaikum’ but not to ‘Jai Shri Ram’: Far-right activist claims Apple’s Siri hurts Hindu sentiments.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.