രാജാവെന്നും ലാലേട്ടന്‍ തന്നെ; അഡ്വാന്‍സ് ബുക്കിങ്ങില്‍ അതിരടി ഒരു കോടിയും ദൃശ്യം 3 ഇത്ര കോടിയും പിന്നിട്ടതായി റിപ്പോര്‍ട്ടുകള്‍
Malayalam Cinema
രാജാവെന്നും ലാലേട്ടന്‍ തന്നെ; അഡ്വാന്‍സ് ബുക്കിങ്ങില്‍ അതിരടി ഒരു കോടിയും ദൃശ്യം 3 ഇത്ര കോടിയും പിന്നിട്ടതായി റിപ്പോര്‍ട്ടുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 12th May 2026, 9:23 pm

വാഴയും മോഹിനിയാട്ടവും അരങ്ങൊഴിഞ്ഞതിന് പിന്നാലെ ഏകദേശം ഉറങ്ങിയ മട്ടിലാണ് ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകള്‍. വലിയ ആരവങ്ങളൊന്നുമില്ലാതെ കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ വാഴ 2വും ഭരതനാട്യം 2 മോഹിനിയാട്ടവും വലിയ ആവേശമാണ് തിയേറ്ററുകളില്‍ സൃഷ്ടിച്ചത്. സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2 തിയേറ്ററുകളില്‍ നിന്നും 200 കോടിയിലധികം നേടിയപ്പോള്‍ കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മോഹിനിയാട്ടം നാല്‍പ്പത് കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.

ഇതിന് ശേഷം തിയേറ്ററുകളിലെത്തിയ ദൃഢത്തിനും മധുവിധുവിനും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ ക്ഷീണമെല്ലാം പലിശയടക്കം തീര്‍ക്കാന്‍ സാധിക്കുന്ന രണ്ട് ചിത്രങ്ങളാണ് അടുത്ത രണ്ടാഴ്ച്ചകളിലായി തിയേറ്ററുകളിലേക്കെത്തുന്നത്. മെയ് 14 ന് റിലീസ് ചെയ്യുന്ന ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന അതിരടിയാണ് ഒന്ന്. ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന ദൃശ്യം 3യാണ് മറ്റൊരു ചിത്രം.

അതിരടി. Photo: IMDB

ഇരു ചിത്രങ്ങളും ഇതിനോടകം തങ്ങളുടെതായ ഹൈപ്പ് പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സിനിമാ പേജുകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് ചിത്രങ്ങളുടെയും പ്രീ സെയില്‍ കണക്കുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മെയ് 21ന് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ദൃശ്യം 3 ഇതിനോടകം ഏഴ് കോടി രൂപ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ സ്വന്തമാക്കിയതായാണ് എ.ബി. ജോര്‍ജ് അടക്കമുള്ള സിനിമാ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാള സിനിമയില്‍ മറ്റ് പല താരങ്ങള്‍ക്കും സ്വപ്‌നം കാണാന്‍ സാധിക്കാത്ത നേട്ടമാണ് ചിത്രം റിലീസ് ചെയ്യാന്‍ ഒമ്പത് ദിവസം ബാക്കിനില്‍ക്കെ ദൃശ്യം 3യിലൂടെ മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം വലിയ തുകയാണ് ദൃശ്യം 3യുടെ പ്രീ ബുക്കിങ്ങിലൂടെ നിര്‍മാതാക്കള്‍ ലക്ഷ്യം വെക്കുന്നത്. ആദ്യ ദിനം 68 കോടി സ്വന്തമാക്കിയ പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന് സമാനായി വമ്പന്‍ കളക്ഷന്‍ നേടുന്ന ചിത്രമാക്കി ദൃശ്യം 3യെ മാറ്റാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.

ദൃശ്യം 3. Photo: District

മറുവശത്ത് മെയ് 14ന് റിലീസ് ചെയ്യുന്ന അതിരടി ഒരു കോടിയോളം പ്രീ ബുക്കിങ്ങിലൂടെ നേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഓണ്‍ലൈന്‍ മീഡിയകള്‍ വഴിയുള്ള അഭിമുഖങ്ങളും ഇവന്റുകളുമടക്കം വമ്പന്‍ പ്രൊമോഷന്‍ ചെയ്ത ചിത്രത്തിന് അടുത്ത ദിവസത്തിനുള്ളില്‍ ബുക്കിങ്ങില്‍ കാര്യമായ വര്‍ധനവ് ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അതേസമയം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അതിരടിയെ ബഹുദൂരം പിന്നിലാക്കുന്ന മോഹന്‍ലാലിന്റെ സ്റ്റാര്‍ഡത്തെ പ്രശംസിച്ചും പലരും രംഗത്തെത്തുന്നു.

Content Highlight: Pre sale collection of Athiradi and Drishyam 3

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.