ഹൈദരാബാദ്: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ സിനിമയ്ക്ക് പിന്തുണയുമായി നടന്‍ പ്രകാശ് രാജ്. ഹിന്ദുമതത്തെ കുറിച്ചല്ല ചിത്രമെന്നും എന്നിട്ടും ഹിന്ദുമതത്തെ ചിത്രം അവഹേളിക്കുന്നുവെന്ന് വ്യാജപ്രചരണം നടത്തുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു.

ഹൈദരബാദില്‍ ഇന്ത്യാടുഡേ കോണ്‍ക്ലേവ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. പരിപാടിയില്‍ സനല്‍കുമാര്‍ ശശിധരന്‍, നടന്‍ വിശാല്‍, ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

പരിപാടിയില്‍ മോദിക്കെതിരെയും അമിതാഷായ്‌ക്കെതിരെയും പ്രകാശ് രാജ് രൂക്ഷ വിമര്‍ശനമുന്നയിച്ചു.

 

വിമര്‍ശകര്‍ പറയും പോലെ ഹിന്ദുവിരുദ്ധനല്ലെന്നും മോദിവിരുദ്ധനും അമിത് ഷാ വിരുദ്ധനും ഹെഗ്‌ഡെ വിരുദ്ധനുമാണ് താനെന്നും പ്രകാശ് രാജ് പറഞ്ഞു. തന്നെ സംബന്ധിച്ചെടുത്തോളം മോദിയും അമിതാ ഷായുമെന്നും ഹിന്ദുക്കളല്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

തന്റെ അനുയായികളില്‍ ചിലര്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിച്ചപ്പോള്‍ മോദി മിണ്ടാതിരുന്നെന്നും യഥാര്‍ത്ഥ ഹിന്ദുക്കള്‍ക്ക് ഇത്തരം പ്രവര്‍ത്തികളെ പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.