ഇന്ത്യൻ ടീമിൽ കളിക്കാതെ ചരിത്രത്തിലെ ആദ്യ താരമായി; ഒറ്റപ്പേര് 'പ്രഭു'
Cricket
ഇന്ത്യൻ ടീമിൽ കളിക്കാതെ ചരിത്രത്തിലെ ആദ്യ താരമായി; ഒറ്റപ്പേര് 'പ്രഭു'
Sudev A
Tuesday, 26th May 2026, 7:42 pm

2026 ഐ.പി.എല്ലിൽ പഞ്ചാബ് കിങ്‌സ് തങ്ങളുടെ ആദ്യ കിരീടമെന്ന സ്വപ്നങ്ങൾ ഉപേക്ഷിച്ച് മടങ്ങിയിരിക്കുകയാണ്. സീസണിലെ തുടക്കത്തിൽ ഏഴ് മത്സരങ്ങളിൽ നിന്നും ഒറ്റ തോൽവി പോലും വഴങ്ങാതെ മുന്നേറിയ ശ്രേയസ് അയ്യരും സംഘവും രണ്ടാം ഘട്ടത്തിൽ ഞെട്ടിക്കുന്ന തകർച്ചയാണ് നേരിട്ടത്.

രണ്ടാം ഘട്ടത്തിലെ ആറ് മത്സരങ്ങളിലും പഞ്ചാബ് കിങ്സ് പരാജയപ്പെടുകയായിരുന്നു. സീസണിലെ അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തിയെങ്കിലും മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടതോടെ പഞ്ചാബ് പുറത്താവുകയായിരുന്നു.

തിരിച്ചടികൾ നിറഞ്ഞ സീസൺ ആണെങ്കിലും ഇത്തവണയും പഞ്ചാബിനൊപ്പം മിന്നും പ്രകടനമായിരുന്നു വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിങ് നടത്തിയത്. 14 മത്സരങ്ങളിൽ നിന്നും 510 റൺസായിരുന്നു താരം അടിച്ചെടുത്തത്. ആറ് അർധ സെഞ്ച്വറികളാണ് താരം ഈ സീസണിൽ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണിലും പ്രഭ്സിമ്രാൻ സിങ് പഞ്ചാബിന് വേണ്ടി 500ലധികം റൺസ് സ്കോർ ചെയ്തിരുന്നു. 549 റൺസായിരുന്നു കഴിഞ്ഞ സീസണിൽ താരം അടിച്ചുകൂട്ടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു അൺക്യാപ്ഡ് താരം രണ്ട് സീസണുകളിൽ 500+ റൺസ് സ്വന്തമാക്കുന്നത്.

പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും. Photo: IndianPremierLeague/x.com

പഞ്ചാബ് കിങ്സിന് വേണ്ടി 2019ൽ അരങ്ങേറ്റം കുറിച്ച പ്രഭ്സിമ്രാൻ പിന്നീട് പഞ്ചാബ് ടീമിലെ ഏറ്റവും മികച്ച ഓപ്പണറായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു. നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷവും ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാൻ പ്രഭ്സിമ്രാന് ഇതുവരെ സാധിച്ചിട്ടില്ല. 2023 സീസണിൽ പ്രഭ്സിമ്രാൻ ഐ.പി.എല്ലിലെ തന്റെ ആദ്യ സെഞ്ച്വറിയും നേടിയിരുന്നു. ദൽഹി ക്യാപിറ്റസിനെതിരെ 65 പന്തിൽ പുറത്താവാതെ 103 റൺസ് നേടിയായിരുന്നു താരം തിളങ്ങിയിരുന്നത്.

അതേസമയം വിക്കറ്റ് കീപ്പർ ഓപ്പണർമാരായി നിരവധി താരങ്ങൾ ഇതിനോടകം ഇന്ത്യൻ ടീമിലുണ്ട്. മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിച്ചൻ, കെ.എൽ രാഹുൽ തുടങ്ങിയ ഒട്ടനവധി വിക്കറ്റ് കീപ്പർ ഓപ്പണർമാർ ടീമിൽ ഉണ്ടാവുമ്പോൾ താരത്തിന്റെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റം ഇനിയെന്നാവുമെന്നും കണ്ടറിയണം.

Content Highlight: Prabhsimran Singh create a historicl record in ipl

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.