അഹമ്മദാബാദ്: ജങ്ക് ഫുഡായ ലെയ്‌സ് ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തില്‍ ഒമ്പത് കര്‍ഷകര്‍ക്കെതിരെ പെപ്‌സി കമ്പനിയുടെ കേസ്. ഓരോരുത്തരും 1.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പെപ്‌സി ആവശ്യപ്പെടുന്നത്.

ഏപ്രില്‍ 9ന് പെപ്‌സി കമ്പനിയുടെ കേസ് പരിഗണിച്ച അഹമ്മദാബാദ് കൊമേഴ്‌സ്യല്‍ കോടതി കര്‍ഷകര്‍ക്കെതിരായി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സാംപിളുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തുന്നതിനും അഭിഭാഷകനായ പരസ് സുഖ്‌വാനിയെ കമ്മീഷണറായി നിയോഗിച്ച കോടതി നാളെ കേസ് വീണ്ടും വാദം കേള്‍ക്കുന്നുണ്ട്. ഏപ്രില്‍ 26 വരെ കൃഷിയും വില്‍പനയും നിര്‍ത്തി വെക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

2018ല്‍ പ്രാദേശികമായി കൈമാറി കിട്ടിയ വിത്ത് ഉദ്പാതിപ്പിച്ചതിനാണ് സബര്‍ക്കന്ത, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സി കേസ് കൊടുത്തിരിക്കുന്നതും വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതും.

കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് കൊണ്ട് നൂറുകണക്കിന് കര്‍ഷകരും ശാസ്ത്രജ്ഞന്‍മാരും ആക്ടിവിസ്റ്റുകളും യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്കെതിരായ കേസ് നിരുപാധികം പിന്‍വലിക്കണമെന്നും ചിപ്‌സ മാര്‍ക്കറ്റില്‍ നിന്നും കര്‍ഷകരെ ഇല്ലാതാക്കനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗുജറാത്തിലെ കര്‍ഷക സംഘടനാ നേതാവായ അംബുബായ് പട്ടേല്‍ പറഞ്ഞു.

FL 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്‌സ് ഉണ്ടാക്കുന്നതിനായി പെപ്‌സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ല്‍ ഇന്ത്യയിലാണ് FC5 ട്രേഡ്മാര്‍ക്കില്‍ ഉത്പാദനം ആരംഭിച്ചത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചാണ് കമ്പനി ഉത്പാദനം തുടങ്ങിയത്.