ദുബായും വൈറ്റും മുതല്‍ വിനീത് ശ്രീനിവാസന്റെ കരം വരെ, പേട്രിയറ്റിന് വെല്ലുവിളിയായി വിദേശ ലൊക്കേഷനുകളില്‍ ഗതി പിടിക്കാത്ത മലയാള സിനിമകള്‍
Malayalam Cinema
ദുബായും വൈറ്റും മുതല്‍ വിനീത് ശ്രീനിവാസന്റെ കരം വരെ, പേട്രിയറ്റിന് വെല്ലുവിളിയായി വിദേശ ലൊക്കേഷനുകളില്‍ ഗതി പിടിക്കാത്ത മലയാള സിനിമകള്‍
അമര്‍നാഥ് എം.
Thursday, 30th April 2026, 4:30 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മോളിവുഡിന്റെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതുമെന്നാണ് ആരാധകര്‍ കരുതുന്നത്. പ്രീ സെയിലില്‍ ഇതിനോടകം 20 കോടിക്കടുത്ത് ചിത്രം നേടിയതും പ്രതീക്ഷകള്‍ ഉയര്‍ത്തുന്നുണ്ട്.

എന്നാല്‍ ചിത്രത്തിന് വെല്ലുവിളിയായേക്കാവുന്ന ഒരു ഘടകത്തെക്കുറിച്ചുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. പേട്രിയറ്റിന്റെ പകുതിയിലധികം ഭാഗങ്ങളും വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീലങ്ക, ലണ്ടന്‍, ദുബായ്, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളിലായാണ് പേട്രിയറ്റ് ചിത്രീകരിച്ചത്.

മോളിവുഡില്‍ ഇതുവരെ വിദേശ രാജ്യങ്ങളില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങളില്‍ പലതും ബോക്‌സ് ഓഫീസില്‍ പച്ച തൊട്ടിട്ടില്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മുതല്‍ യുവ താരങ്ങളുടെ സിനിമകള്‍ വരെ ഈ ലിസ്റ്റിലുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നായ അക്കരെയക്കരെ, മമ്മൂട്ടി- ജോഷി കോമ്പോയിലൊരുങ്ങിയ ദുബായ് എന്നിങ്ങനെ പല സിനിമകളും ബോക്‌സ് ഓഫീസില്‍ പച്ച തൊടാതെ പോയവയാണ്.

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ സിനിമകളിലൊന്നായ കാസനോവ പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച ചിത്രമാണ്. ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ ചിത്രം പരാജയമായി മാറി. രഞ്ജിത്തിനൊപ്പം കൈകോര്‍ത്ത ഡ്രാമയും പരാജയം രുചിച്ചു. മോഹന്‍ലാല്‍ ഒറ്റക്കല്ല, മമ്മൂട്ടിയുടെ കാര്യവും ഇതില്‍ വ്യത്യസ്തമല്ല.

ദുബായ്ക്ക് ശേഷം മമ്മൂട്ടിയുടേതായി ഒരുങ്ങിയ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായിരുന്നു വൈറ്റ്. 98 ശതമാനവും വിദേശത്ത് ചിത്രീകരിച്ച വൈറ്റ് ആരാധകര്‍ പോലും മറക്കാനാഗ്രഹിക്കുന്ന ചിത്രമാണ്. മമ്മൂട്ടി- റാഫി മെക്കാര്‍ട്ടിന്‍ കോമ്പോയിലൊരുങ്ങിയ ലവ് ഇന്‍ സിംഗപ്പൂരും പരാജയമായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അവസാനമായി ഒന്നിച്ച കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രവും തിയേറ്ററില്‍ പച്ച തൊട്ടില്ല.

യുവതാരങ്ങളുടെ ചിത്രങ്ങളായ ലണ്ടന്‍ ബ്രിഡ്ജ്, രണം, മൈ സ്റ്റോറി, ലെവല്‍ ക്രോസ്, കരം തുടങ്ങിയ ചിത്രങ്ങളൊന്നും തന്നെ ബജറ്റ് തിരിച്ചുപിടിക്കാത്തവയാണ്. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച എമ്പുരാനും നിര്‍മാതാവിന് അധികം ലാഭം നല്‍കാത്ത ചിത്രമാണ്. പ്രേക്ഷകരുമായി കണക്ടാകാത്ത തരത്തിലുള്ള കഥാപരിസരമാണ് ഈ സിനിമകളുടെയെല്ലാം പരാജയത്തിന് കാരണമായത്.

എന്നാല്‍ മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ പേട്രിയറ്റ് വിജയിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. നിര്‍മാതാവ് അധികം പ്രൊമോഷന്‍ നടത്താത്ത് കൊണ്ട് ഹൈപ്പ് കുറവാണെങ്കിലും മമ്മൂട്ടി- മോഹന്‍ലാല്‍ കോമ്പോ എന്ന ഒരൊറ്റ ഫാക്ടര്‍ മാത്രമാണ് ഇപ്പോഴും മുന്നിട്ട് നില്‍ക്കുന്നത്.

Content Highlight: Post about Patriot movie viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം