അര്‍ഹതയുണ്ടായിട്ടും 100 കോടി നേടാത്ത ചിത്രം, മമ്മൂട്ടി എന്ന നായകന്‍ ജയിച്ചപ്പോള്‍ മമ്മൂട്ടി എന്ന നിര്‍മാതാവ് പരാജയപ്പെട്ട സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയ
Malayalam Cinema
അര്‍ഹതയുണ്ടായിട്ടും 100 കോടി നേടാത്ത ചിത്രം, മമ്മൂട്ടി എന്ന നായകന്‍ ജയിച്ചപ്പോള്‍ മമ്മൂട്ടി എന്ന നിര്‍മാതാവ് പരാജയപ്പെട്ട സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Thursday, 11th June 2026, 12:38 pm

മലയാളത്തില്‍ ഏതൊരു നടന്റെയും ബോക്‌സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ അളക്കുന്ന മാനദണ്ഡമായി മാറിയിരിക്കുന്നത് 100 കോടി കളക്ഷന്‍ ലഭിച്ച സിനിമകളെ നോക്കിയാണ്. മറ്റ് ഇന്‍ഡസ്ട്രികള്‍ 300 കോടിയെല്ലാം നേടി നിന്ന സമയത്താണ് മലയാളത്തില്‍ ആദ്യമായി 100 കോടി കളക്ഷന്‍ ലഭിച്ചത്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 16 സിനിമകള്‍ ഈ ക്ലബ്ബില്‍ ഇടംപിടിച്ചു.

മോഹന്‍ലാല്‍ അഞ്ച് വട്ടം ഈ നേട്ടത്തിലെത്തിയപ്പോള്‍ നസ്‌ലെന്‍ രണ്ട് തവണയാണ് 100 കോടി നേട്ടത്തിലെത്തിയത്. മലയാളത്തിലെ പല താരങ്ങളും ഈ നേട്ടത്തിലെത്തിയപ്പോള്‍ ഇതുവരെ ഈ നേട്ടം സ്വന്തമാക്കാത്ത താരങ്ങളിലൊരാളാണ് മമ്മൂട്ടി. ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കുമ്പോഴും 100 കോടി എന്ന നേട്ടം മമ്മൂട്ടിക്ക് കൈപ്പിടിയിലാക്കാന്‍ സാധിച്ചിട്ടില്ല.

130 കോടി ബജറ്റിലൊരുങ്ങിയ പേട്രിയറ്റ് പോലും 100 കോടി നേടാതെയാണ് കളംവിട്ടത്. മമ്മൂട്ടിയും 100 കോടി ക്ലബ്ബും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പല ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അര്‍ഹതയുണ്ടായിട്ടും 100 കോടി കളക്ഷന്‍ നേടനാകാത്ത മമ്മൂട്ടിയുടെ ഒരു സിനിമയെക്കുറിച്ചാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച.

2023ല്‍ പുറത്തിറങ്ങിയ കണ്ണൂര്‍ സ്‌ക്വാഡ് 100 കോടി ക്ലബ്ബില്‍ കയറാന്‍ അര്‍ഹതയുണ്ടായിരുന്ന സിനിമയായിരുന്നെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. കഥാപരമായും പ്രകടനങ്ങള്‍ കൊണ്ടും മേക്കിങ് കൊണ്ടും മുന്നിട്ട് നിന്ന ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. എന്നാല്‍ ചിത്രം ഈ നേട്ടം സ്വന്തമാക്കാത്തതിന് കാരണം മമ്മൂട്ടി എന്ന നിര്‍മാതാവാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

റിലീസിന് മുമ്പ് കാര്യമായ പ്രൊമോഷനൊന്നുമില്ലാതെ പ്രദര്‍ശനത്തിനെത്തിയ ചിത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം വേര്‍ഡ് ഓഫ് മൗത്തിലൂടെയാണ് ശ്രദ്ധ നേടിയത്. ഒരുവിധത്തില്‍ കളക്ഷന്‍ ഉയര്‍ന്ന് 85 കോടിയോളമെത്തിയപ്പോള്‍ തമിഴ് ബ്രഹ്‌മാണ്ഡ ചിത്രം ലിയോ തിയേറ്ററുകളിലെത്തിയത് മറ്റൊരു തിരിച്ചടിയായി.

മികച്ച കഥകളും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടി എന്ന നടന്‍ ഗംഭീരമാണെങ്കിലും അദ്ദഹത്തിലെ നിര്‍മാതാവ് ഒട്ടും പോരെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വേണ്ടത്ര പ്രമോഷന്‍ ചെയ്യാതെ, നല്ലൊരു റിലീസ് ഡേറ്റ് നോക്കാതെ സിനിമകള്‍ ചെയ്യുന്നതുകൊണ്ടാണ് അര്‍ഹിച്ച കളക്ഷന്‍ ലഭിക്കാത്തതെന്നും കമന്റുകളുണ്ട്.

ആന്റോ ജോസഫിനെപ്പോലുള്ളവരെ ഒഴിവാക്കിയിട്ട് പകരം ആന്റണി പെരുമ്പാവൂര്‍, വേണു കുന്നപ്പിള്ളി പോലെ നല്ല ഹോള്‍ഡുള്ള നിര്‍മാതാക്കളെ കൂടെ കൂട്ടണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Post about Kannur Squad not achieving 100 crore viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം