2026 ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗലിന് ജയം. ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി ആദ്യ പകുതിക്ക് തൊട്ട് മുമ്പേ നാടകീയമായ സംഭവങ്ങളാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്.

ഇരു ടീമുകളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും രണ്ട് താരങ്ങള്‍ റെഡ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. പോര്‍ച്ചുഗല്‍ താരം റാഫേല്‍ ലിയോയും ചിലി താരം ഇവാന്‍ റോമനുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയത്. രണ്ടാം പകുതിയില്‍ 10 താരങ്ങളുമായാണ് ഇരുടീമുകളും പന്തുതട്ടിയത്.

മത്സരത്തിന്റെ 58ാം മിനിറ്റില്‍ ഗോണ്‍സാലോ ഗ്വെഡെസ് ആണ് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത്. 75ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗലിനായി രണ്ടാം ഗോളും സ്വന്തമാക്കി ടീമിന് വിജയം സമ്മാനിച്ചു. ചിലിയുടെ ആശ്വാസ ഗോള്‍ പിറന്നത് ഇഞ്ചുറി ടൈമില്‍ ആയിരുന്നു. ലൂക്കസ് സെപെഡെയാണ് ചിലിയുടെ ഗോള്‍ സ്‌കോറര്‍.

മത്സരത്തില്‍ സര്‍വാധിപത്യവും പോര്‍ച്ചുഗലിന്റെ കൈകളിലായിരുന്നു. 58 ശതമാനം ബോള്‍ പൊസഷന്‍ നിലനിർത്തിയ റൊണാള്‍ഡോയും സംഘവും 15 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ എട്ട് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു. മറുവശത്ത് ഒമ്പത് ഷോട്ടുകളില്‍ മൂന്ന് ഷോട്ടുകളാണ് ചിലി പോര്‍ച്ചുഗല്‍ പോസ്റ്റിലെത്തിച്ചത്.

ലോകകപ്പിന് മുന്നോടിയായി ഒരു ഫ്രണ്ട്‌ലി മത്സരം കൂടി പോര്‍ച്ചുഗലിന്റെ മുന്നിലുണ്ട്. ജൂണ്‍ 11ന് നടക്കുന്ന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയാണ് പറങ്കിപ്പടയുടെ എതിരാളികള്‍.

ലോകകപ്പില്‍ ഗ്രൂപ്പ് കെ-യിലാണ് പറങ്കിപ്പട ഇടം നേടിയിട്ടുള്ളത്. കൊളംബിയ, ഉസ്ബക്കിസ്ഥാന്‍, ഡി.ആര്‍. കോംഗോ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ജൂണ്‍ 17ന് ഡി.ആര്‍. കോംഗോക്കെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.

ചിലി ഫുട്ബോൾ ടീം

അതേസമയം രണ്ട് തവണ കോപ്പ അമേരിക്ക വിജയിച്ച ചിലിക്ക് ഇത്തവണത്തെ ലോകകപ്പില്‍ യോഗ്യത നേടാന്‍ സാധിച്ചിട്ടില്ല. 2015, 2016 വര്‍ഷങ്ങളിലെ കോപ്പ അമേരിക്കയില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയെ വീഴ്ത്തിയായിരുന്നു ചിലി കിരീടം നേടിയിരുന്നത്. ഒരു കാലത്ത് ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ശക്തികേന്ദ്രമായ ചിലിയുടെ അഭാവം ഈ ലോകകപ്പിലെ തന്നെ വലിയ നഷ്ടങ്ങളിലൊന്നാണ്.

 

Content Highlight: Portugal beat Chile in friendly match ahead 2026 FIFA world cup 2026