എമ്മി അവാര്‍ഡ് ലഭിച്ച ഡെല്‍ഹി ക്രൈംസ് സീരീസിന്റെ സംവിധായിക റിച്ച മേത്തയുടെ പുതിയ സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി. നിമിഷാ സജയന്‍, റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പോച്ചര്‍ സീരീസിന്റെ ട്രെയ്‌ലറാണ് ആമസോണ്‍ പ്രൈം പുറത്തിറക്കിയത്. കേരളത്തില്‍ നടന്ന ആനവേട്ടക്കാരെ പിടിക്കാനിറങ്ങുന്ന ഉദ്യോഗസ്ഥരായിട്ടാണ് താരങ്ങള്‍ സീരീസില്‍ എത്തുന്നത്.

ബോളിവുഡ് സൂപ്പര്‍താരം ആലിയാ ഭട്ടാണ് സീരീസിന്റെ പ്രൊഡ്യൂസര്‍. കേരളത്തില്‍ നടക്കുന്ന ആനവേട്ടയുടെ പിന്നിലുള്ളവരെ അന്വേഷിച്ച് മുംബൈ, കാശ്മീര്‍, ദുബായ് വരെ നീളുന്ന അന്വേഷണമാണ് സീരീസില്‍. ഫെബ്രുവരി 23നാണ് സീരീസ് പുറത്തിറങ്ങുക. ദിബ്യേന്ദു ഭട്ടാചാര്യ, കനി കുസൃതി, അങ്കിത് മാധവ് എന്നിവരാണ് സീരീസിലെ മറ്റു പ്രധാന താരങ്ങള്‍.

പോയ വര്‍ഷം ചിത്താ, ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ് എന്നീ സിനിമകളിലൂടെ തമിഴില്‍ അരങ്ങേറിയ നിമിഷയുടെ ബോളിവുഡ് എന്‍ട്രി കൂടിയാണ് പോച്ചര്‍. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ് എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറിയ റോഷന്‍ ആലിയ ഭട്ട് പ്രധാന കഥാപാത്രമായി എത്തിയ ഡാര്‍ലിങ്‌സിലും മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യന്‍ സീരീസ് പ്രേമികള്‍ക്ക് ഗംഭീര അനുഭവമാകും പോച്ചറെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

Content Highlight: Poacher trailer out