കൊച്ചി: ലാവ്ലിന് കേസില്‍ സി.ബി.ഐ പ്രത്യേക കോടതി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവെച്ചു. ലാവലിന്‍ കേസില്‍ പിണറായി പ്രതിയല്ലെന്നും വിചാരണ നേരിടേണ്ടത് കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരുമാണെന്നും ജസ്റ്റിസ് ഉബൈദ് പ്രസ്താവിച്ചു.
ലാവലിന്‍ കരാര്‍ വന്‍കരാറായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായ കേസിലെ വിധിയാണ് ഇന്നു പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. പിണറായി പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് പറഞ്ഞ കോടതി കേസിലെ 2,3,4 പ്രതികള്‍ വിചാരണ നേരിടണമെന്നും വ്യക്തമാക്കി.
ഒന്നാം പ്രതിയായ മോഹനചന്ദ്രന്, എട്ടാം പ്രതി ഫ്രാന്‍സിസ്, ഒമ്പതാം പ്രതി പിണറായി വിജയന് എന്നിവരെയാണ് കോടതി വിചാരണയില്‍ നിന്ന് ഒഴിവാക്കിയത്. പ്രതികള്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ വാദം പൂര്‍ത്തിയായ ശേഷം തനിക്ക് ഊമക്കത്ത് ലഭിച്ചിരുന്നെന്ന് ജസ്റ്റിസ് ഉബൈദ് വിധിപ്രസ്താവം ആരംഭിക്കവേ പറഞ്ഞിരുന്നു.
പിണറായി വിജയനുള്‍പ്പെടെയുള്ള ഏഴുപേരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സി.ബി.ഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നും ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നുമാണ് സി.ബി.ഐ വാദിച്ചത്.
സുപ്രീംകോടതി അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് കേസില്‍ പിണറായിക്കായി ഹൈക്കോടതിയില്‍ ഹാജരായത്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനമാണ് കേസിനാധാരം.
കരാര്‍ ലാവ്ലിന് കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം ഉയര്‍ന്നിരുന്നത്. യു.ഡി.എഫിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയാണെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.
