ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്ന് വിളിച്ചത് വളരെ വലിയ തെറ്റാണ്, മാപ്പ് ചോദിക്കുന്നു; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പേളി മാണി
Malayalam Cinema
ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്ന് വിളിച്ചത് വളരെ വലിയ തെറ്റാണ്, മാപ്പ് ചോദിക്കുന്നു; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി പേളി മാണി
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 28th July 2026, 12:51 pm

സമീപകാലത്ത് ഇന്ത്യ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനായിരുന്നു ന്യൂ ദല്‍ഹിയിലെ ജന്തര്‍ മന്ദര്‍ സാക്ഷ്യം വഹിച്ചത്. നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതോടെയാണ് ദിവസങ്ങള്‍ നീണ്ട സമരം അവസാനിച്ചത്. സമരവുമായി ബന്ധപ്പെട്ട് അവതാരകയും നടിയുമായ പേളി മാണി പങ്കുവെച്ച പോസ്റ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പേളിയുടെ പോസ്റ്റിനെതിരെ സംസാരിച്ചതിന് സീനിയര്‍ സംവിധായകന്‍ സിബി മലയിലിന്റെ മകന്‍ ജോ സിബി മലയിലിനെ ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചതിനെതിരെ വലിയ വിമര്‍ശനമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. അതുല്യ സംവിധായകന്‍ സിബി മലയിലിനെയാണ് പേളി പരിഹസിച്ചതെന്ന തരത്തില്‍ ഒട്ടനവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയത്. പോസ്റ്റില്‍ തനിക്കിഷ്ടപ്പെട്ട നിറം കാവിയാണെന്നും പേളി കുറിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് താരം പ്രതികരിച്ചത്.

പേളി മാണി. Photo: Screen Grab/ Pearley Maaney

‘പ്രതിഷേധവുമായി ബന്ധപ്പെട്ട് ഞാന്‍ എഴുതിയ പോസ്റ്റിന് താഴെ ഇങ്ങനെ ഒരാള്‍ ഇത്രയും വലിയ ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട് എന്ന് എല്ലാവരും പറയാന്‍ തുടങ്ങി. അത് വായിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമമായി. കാരണം ഞാന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് അതില്‍ കാര്യങ്ങളെ വ്യാഖ്യാനിച്ചിരിക്കുന്നത്. ഫ്രീഡം ഫൈറ്റേഴ്‌സിന്റെ മേല്‍ തുപ്പുന്ന പോലെയാണ് ഞാന്‍ എഴുതിയത് എന്നെല്ലാം പറഞ്ഞപ്പോള്‍ ഭയങ്കര പ്രയാസത്തിലായി. പ്രതികരിക്കേണ്ട വിട്ടുകളയാം എന്ന് കരുതിയെങ്കിലും കമന്റുകളിലും ഇതേ വാക്കുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് രണ്ടാമത് ഒരു സ്‌റ്റോറി ഇടുന്നത്.

ആ സ്‌റ്റോറിയില്‍ ഞാന്‍ എഴുതിയ ഒരു കാര്യം വലിയ തെറ്റായിരുന്നു. അതുകൊണ്ട് ഇരുപത് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ അത് ഡിലീറ്റ് ചെയ്തു. ഈ പോസ്റ്റിട്ടയാളെ ഞാന്‍ ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്ന് വിളിച്ചു.. അങ്ങനെ ഒരാളെ വിളിക്കാന്‍ നമ്മള്‍ ആരുമല്ല. അത് വളരെ വലിയ ഒരു തെറ്റാണ്. ഞാന്‍ മാപ്പ് ചോദിക്കുന്നു,’ പേളി പറയുന്നു.

പതിനെട്ട് വയസില്‍ തന്റെ കരിയര്‍ ആരംഭിച്ചതാണെന്നും കേരളത്തിലെ എല്ലാം പാര്‍ട്ടിയിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും അതിനാല്‍ എല്ലാ പാര്‍ട്ടിയും തനിക്ക് വേണ്ടപ്പെട്ടതാണെന്നും താരം പറഞ്ഞു. സ്‌റ്റോറി കണ്ട് സംവിധായകന്‍ സിബി മലയലിനെയാണ് താന്‍ കുറ്റം പറയുന്നതെന്ന തരത്തില്‍ മറ്റൊരു പോസ്റ്റ് വന്നതിനെക്കുറിച്ചും പേളി സംസാരിച്ചു.

Photo: X.com

‘മലയാളത്തിലെ ഐക്കോണിക്ക് ആയിട്ടുള്ള വണ്‍ ആന്‍ഡ് ഓണ്‍ലി സിബി മലയില്‍ സാര്‍, ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. ഈ കാര്യമാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്. ഈ പത്ത് പേജ് എന്നെക്കുറിച്ച് എഴുതിയ ആള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റിട്ടത്. പക്ഷേ അതില്‍ സിബി മലയില്‍ സാര്‍ എങ്ങനെ വന്നു എന്ന് എനിക്ക് അറിയില്ല. ഞാന്‍ ഒരിക്കലും സിബി മലയില്‍ സാറിനെ പറയില്ല. സത്യം നിങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ പോസ്റ്റിട്ടത്,’ പേളി പറഞ്ഞു.

Content Highlight: Pearle Maaney talks about the controversy regarding Sibi Malayil on NEET Protest

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.