പ്രതീക്ഷയില്ലാത്ത പടം ഹിറ്റാകും, ബജറ്റ് പൊടിച്ച പടം ഫ്‌ളോപ്പാകും, ഇതുവരെയുള്ള ഓണം റിലീസിന്റെ ചരിത്രം ഇത്തവണ മാറുമോ?
Malayalam Cinema
പ്രതീക്ഷയില്ലാത്ത പടം ഹിറ്റാകും, ബജറ്റ് പൊടിച്ച പടം ഫ്‌ളോപ്പാകും, ഇതുവരെയുള്ള ഓണം റിലീസിന്റെ ചരിത്രം ഇത്തവണ മാറുമോ?
അമര്‍നാഥ് എം.
Wednesday, 22nd July 2026, 5:45 pm

ദൃശ്യം 3ക്ക് ശേഷം എടുത്തുപറയാന്‍ വലിയ ഹിറ്റില്ലാത്ത അവസ്ഥയിലൂടെയാണ് കേരളത്തിലെ തിയേറ്ററുകള്‍ കടന്നുപോകുന്നത്. തിയേറ്ററുകളില്‍ ആളെ നിറയ്ക്കാനായി ഒരു ലോഡ് സിനിമകള്‍ ഓഗസ്റ്റില്‍ റിലീസിനായി കാത്തിരിക്കുന്നുണ്ട്. ഓണം റിലീസുകളടക്കം പത്തിനടുത്ത് ചിത്രങ്ങള്‍ ഓഗസ്റ്റില്‍ പ്രേക്ഷകരിലേക്കെത്തും.

സമീപകാലത്തെ ഏറ്റവും കടുപ്പമേറിയ ക്ലാഷാണ് ഇത്തവണ ഓണത്തിന് കേരള ബോക്‌സ് ഓഫീസില്‍ അരങ്ങേറുന്നത്. മൂന്ന് വ്യത്യസ്ത ഴോണറുകളില്‍ മൂന്ന് സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ ഓണത്തിന് ഏറ്റുമുട്ടുന്നുണ്ട്. ഹൈപ്പും സ്റ്റാര്‍ഡവും വേര്‍ഡ് ഓഫ് മൗത്തുമെല്ലാം അങ്ങേയറ്റം അനുകൂലമാകുമെന്നാണ് മൂന്ന് സിനിമകളുടെയും ഇന്‍സൈഡ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഓണക്കപ്പ് ആര്‍ക്കാകുമെന്നാണ് ചര്‍ച്ച.

ഇതാദ്യമായല്ല ഓണത്തിന് ഒന്നിലേറെ സിനിമകള്‍ കേരള ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. കൊവിഡിന് ശേഷം 2022 മുതല്‍ക്കിങ്ങോട്ട് എല്ലാ ഓണത്തിനും മിനിമം മൂന്ന് സിനിമകളെങ്കിലും റിലീസാകാറുണ്ട്. ഇതിലെല്ലാം പൊതുവായി ഒരു പാറ്റേണുണ്ടെന്നാണ് സിനിമാപേജുകളുടെ കണ്ടുപിടിത്തം. ഓണം റിലീസായി മൂന്നോ അതിലധികമോ സിനിമകളുണ്ടെങ്കില്‍ അതില്‍ രണ്ട് സിനിമ പരാജയമാകുമെന്നാണ് കണ്ടുപിടിത്തം.

2022ല്‍ നാല് സിനിമകളാണ് തിയേറ്ററുകളിലെത്തിയത്. പത്തൊമ്പതാം നൂറ്റാണ്ട്, ഒറ്റ്, ഒരു തെക്കന്‍ തല്ലുകേസ്, പാല്‍തു ജാന്‍വര്‍ എന്നീ ചിത്രങ്ങള്‍ ഓണത്തിന് പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇതില്‍ പാല്‍തു ജാന്‍വര്‍ മാത്രമാണ് ഹിറ്റായത്. ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ ബാക്കി സിനിമകള്‍ പരാജയമായി. മൂന്ന് സിനിമകളും അത്യാവശ്യം നല്ല രീതിയില്‍ ബജറ്റ് ചെലവഴിച്ചവയായിരുന്നു.

തൊട്ടടുത്ത വര്‍ഷവും മൂന്ന് സിനിമകള്‍ ഓണത്തിന് മാറ്റുരച്ചു. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ഹൈപ്പേറിയ കിങ് ഓഫ് കൊത്ത, നിവിന്റെ ബോസ് ആന്‍ഡ് കോ, ഷെയ്ന്‍ നിഗത്തിന്റെ ആര്‍.ഡി.എക്‌സ് എന്നീ സിനിമകളുടെ ക്ലാഷില്‍ വിജയിച്ചത് ആര്‍.ഡി.എക്‌സായിരുന്നു. കൊത്തയും ബോസ് ആന്‍ഡ് കോയും ബോക്‌സ് ഓഫീസില്‍ വീണു. 40 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ കൊത്തയും 20 കോടിക്കടുത്ത് ചെലവാക്കിയ ബോസ് ആന്‍ഡ് കോയും ബജറ്റ് പോലും തിരിച്ചുകിട്ടാതെ കളമൊഴിഞ്ഞു

2024ലും നാല് സിനിമകള്‍ ഓണത്തിന് പരസ്പരം ഏറ്റുമുട്ടി. ഒമര്‍ ലുലുവിന്റെ ബാഡ് ബോയ്‌സ് പ്രതീക്ഷകള്‍ കാത്തുകൊണ്ട് പരാജയമായപ്പോള്‍ പെപ്പെയുടെ ബിഗ് ബജറ്റ് ചിത്രം കൊണ്ടല്‍ ശ്രദ്ധിക്കപ്പെടാതെ പോയി. ടൊവിനോ മൂന്ന് വേഷത്തിലെത്തിയ എ.ആര്‍.എം 100 കോടി ക്ലബ്ബില്‍ കയറി ഓണക്കപ്പ് തൂക്കിയപ്പോള്‍ 75 കോടിയോളം കളക്ട് ചെയ്ത് കിഷ്‌കിന്ധാ കാണ്ഡവും ബോക്‌സ് ഓഫീസില്‍ വിജയിച്ചു.

ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിന്റെ ഒരു സിനിമ ഓണത്തിന് റിലീസായ വര്‍ഷമായിരുന്നു 2025. സത്യന്‍ അന്തിക്കാടുമായി ഒന്നിച്ച ഹൃദയപൂര്‍വം 60 കോടിയിലേറെ നേടിയപ്പോള്‍ ഒപ്പം റിലീസായ ലോകഃ മോളിവുഡിലെ ചരിത്രവിജയമായി. ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും 300 കോടി കളക്ഷനും നേടി ലോകഃ മോളിവുഡിലെ നാഴികക്കല്ലായി മാറിയപ്പോള്‍ 30 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ഓടും കുതിര ചാടും കുതിര മൂന്ന് കോടി മാത്രം നേടി പരാജയപ്പെട്ടു.

ഇതേ ട്രെന്‍ഡ് ആവര്‍ത്തിക്കുകയാണെങ്കില്‍ ഓണക്കപ്പിന് സാധ്യത ബെത്‌ലഹേം കുടുംബ യൂണിറ്റിനാണ്. മറ്റ് സിനിമകളെ അപേക്ഷിച്ച് ബെത്‌ലഹേമിന്റെ ബജറ്റ് കുറവാണ്. 50 കോടിയിലേറെയാണ് ഖലീഫക്കും ഐ ആം ഗെയിമിനും വേണ്ടി ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Content Highlight: Pattern of hit movies in Onam clash

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം