അവനെ പുറത്തിരുത്തി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താം: പാര്‍ഥിവ് പട്ടേല്‍
Cricket
അവനെ പുറത്തിരുത്തി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താം: പാര്‍ഥിവ് പട്ടേല്‍
സുദേവ് എ
Friday, 10th July 2026, 3:04 pm

ഇന്ത്യക്കെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. പരമ്പരയിലെ നാലാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ പരമ്പര 3-0ത്തിന് ത്രീ ലയണ്‍സ് സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

നാലാം മത്സരത്തില്‍ ഒമ്പത് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയമാണ് ഇംഗ്ലണ്ട് കൈവരിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13.5 ഓവറില്‍ ലക്ഷ്യം അനായാസമായി മറികടന്നു.

മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20 മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.

യുവതാരം വൈഭവ് സൂര്യവംശിയായിരുന്നു ഇന്ത്യക്കായി കളത്തിലിയിറങ്ങിയത്. ടി-20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്.

ഇപ്പോള്‍ സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയെ പുറത്തിരുത്തി സഞ്ജുവിന് അവസരം നല്‍കാമെന്നാണ് പാര്‍ഥിവ് പട്ടേല്‍ പറഞ്ഞത്. ജിയോ ഹോട്സ്റ്റാറിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘സഞ്ജു സാംസണ്‍ ആരുടെ സ്ഥാനത്ത് ടീമിലെത്തും. നിര്‍ഭാഗ്യവശാല്‍ വൈസ് ക്യാപ്റ്റന്‍ പുറത്തിരിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നു. കാരണം മികച്ച ടീം കോമ്പിനേഷന്‍ നിലനിര്‍ത്തണമെങ്കില്‍ തിലക് വര്‍മക്ക് പകരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താം,’ പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.

അതേസമയം സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലും സഞ്ജു സാംസണ് ഇടം നേടാന്‍ സാധിച്ചിരുന്നില്ല. 2026 ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്താതെ പോവുകയായിരുന്നു.

സഞ്ജുവിനെ ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആരാധകരെയും ക്രിക്കറ്റ് അനലിസ്റ്റുകളെയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു ഈ തീരുമാനം. മലയാളി താരത്തെ ഒഴിവാക്കിയതിന് പിന്നാലെ പല മുന്‍ താരങ്ങളും സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

 

Content Highlight: Parthiv Patel talks about Sanju Samson chances of Indian team

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.