മുംബൈ: ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പാക്ക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കി. ജഗജിത് സിങ്ങിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷികത്തിനു സംഘടിപ്പിച്ച പരിപാടിയാണ് റദ്ദാക്കിയത്.
ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും പരിപാടിയുടെ സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സംഗീത പരിപാടി റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ശിവസേന നേതാവ് അറിയിച്ചു.
ഗുലാം അലിയുടെ പരിപാടിയുമായി മുന്നോട്ടുപോയാല്‍ വേദിയില്‍ പ്രതിഷേധം നടത്തുമെന്ന് ശിവസേന ബുധനാഴ്ച ഭീഷണിപ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ തീവ്രവാദം അടിച്ചമര്‍ത്താത്തിടത്തോളം കാലം അവരുമായുള്ള സാംസ്‌കാരിക കായിക ബന്ധങ്ങളെ എതിര്‍ക്കുമെന്നു പറഞ്ഞായിരുന്നു ശിവസേനയുടെ പ്രതിഷേധം.
മുംബൈയിലെ ഷണ്‍മുഖാനന്ദ ഹാളില്‍ വെള്ളിയാഴ്ചയായിരുന്നു പരിപാടി നടക്കാനിരുന്നത്. പരിപാടിയുമായി മുന്നോട്ടുപോയാല്‍ ശിവസേനയുടെയും ദേശസ്‌നേഹികളുടെയും ദേഷ്യം അഭിമുഖീകരിക്കാന്‍ തയ്യാറാകണമെന്നു പറഞ്ഞ് ഷണ്‍മുഖാനന്ദ ഹാള്‍ മാനേജ്‌മെന്റിനു ശിവസേനയുടെ സിനിമാ വിഭാഗം നോട്ടീസ് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പരിപാടിയില്‍ ഗുലാം അലിയെ പങ്കെടുപ്പിക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.
“മറ്റുപരിപാടികള്‍ മുന്‍പ് നിശ്ചയിച്ചതുപോലെ നടക്കും, എന്നാല്‍ ഗുലാം അലി പാടില്ല. ബുധനാഴ്ച വൈകീട്ട് ഉദ്ധവ്താക്കറെയും സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം” ശിവസേന നേതാവ് അക്ഷയ് ബര്‍ദാപുര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
നിരവധി ഇന്ത്യന്‍ സിനിമകളില്‍ പാടിയിട്ടുള്ള ഗുലാം അലിക്ക് ഇന്ത്യയില്‍ നിരവധി ആരാധകരുണ്ട്. മുമ്പ് വാരണാസിയിലെ പ്രസിദ്ധമായ സങ്കട് മോചന്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ ഗുലാം അലി പാടിയിട്ടുണ്ട്.
ഗുലാം അലിയുടെ പ്രതികരണം:
തനിക്കു ദേഷ്യമല്ല വേദനയാണ് തോന്നുന്നതെന്നാണ് സംഗീത പരിപാടി റദ്ദാക്കിയ നടപടിയോട് പ്രതികരിച്ചുകൊണ്ട് ഗുലാം അലി പറഞ്ഞത്.
“എനിക്കു ദേഷ്യമില്ല, പക്ഷെ വേദനയുണ്ട്. എനിക്ക് എല്ലായ്‌പ്പോഴും ഇന്ത്യയില്‍ നിന്നും സ്‌നേഹം ലഭിച്ചിട്ടുണ്ട്. സംഗീത പരിപാടി ജഗജിത് സിങ്ങിനോടുള്ള ആദരസൂചകമായി സംഘടിപ്പിച്ചതാണ്. അദ്ദേഹം എനിക്ക് എന്റെ സഹോദരനെപ്പോലെയായിരുന്നു.” ഗുലാം അലി പറഞ്ഞു.
മഹാരാഷ്ട്ര സര്‍ക്കാറിന്റെ പ്രതികരണം:
ശിവസേനയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നവിസ് അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ഗുലാം അലിക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറായിരുന്നു. പരിപാടി നടക്കണം. ഇന്ത്യ-പാകിസ്ഥാന്‍ രാഷ്ട്രീയത്തിലേക്ക് ലോകപ്രശസ്തനായ ഒരു ഗസല്‍ ഗായകനെ വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമാണ്. പാകിസ്ഥാനിലെ കലാകാരന്മാരെ എല്ലായ്‌പ്പോഴും സ്വാഗതം ചെയ്്യുന്നു. നമ്മുടെ ഗായകരും നടന്മാരും പാകിസ്ഥാനില്‍ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. ഇരുരാജ്യങ്ങളുടെയും സംസ്‌കാരത്തെയും കഴിവിനെയും നമ്മള്‍ മാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
