ഇന്ത്യയോട് തോറ്റു, യു.എസ്.എയ്ക്കും കീഴില്‍ മൂന്നാമത്; 2024 ആവര്‍ത്തിച്ചാല്‍ പാകിസ്ഥാന്‍ പുറത്തേക്ക്
T20 world cup
ഇന്ത്യയോട് തോറ്റു, യു.എസ്.എയ്ക്കും കീഴില്‍ മൂന്നാമത്; 2024 ആവര്‍ത്തിച്ചാല്‍ പാകിസ്ഥാന്‍ പുറത്തേക്ക്
ആദര്‍ശ് എം.കെ.
Monday, 16th February 2026, 12:41 pm

കഴിഞ്ഞ ദിവസം ഇന്ത്യയോടേറ്റ പരാജയത്തിന് പിന്നാലെ ടി-20 ലോകകപ്പില്‍ പാകിസ്ഥാന്റെ മുന്നോട്ടുള്ള യാത്രയിലും അനിശ്ചിതത്വം തുടരുകയാണ്. 61 റണ്‍സിന്റെ വമ്പന്‍ തോല്‍വിയേറ്റുവാങ്ങി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണതോടെയാണ് പാകിസ്ഥാന്റെ നില ത്രിശങ്കുവിലായിരിക്കുന്നത്.

നിലവില്‍ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഇന്ത്യയ്ക്കും യു.എസ്.എയ്ക്കും കീഴില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. രണ്ടാമതുള്ള യു.എസ്.എയ്ക്കും മൂന്നാതുള്ള പാകിസ്ഥാനും നാല് പോയിന്റ് വീതമാണെങ്കില്‍ നെറ്റ് റണ്‍ റേറ്റാണ് മെന്‍ ഇന്‍ ഗ്രീനിന് തിരിച്ചടിയായിരിക്കുന്നത്.

എന്നാല്‍ പാകിസ്ഥാന് ഒരു മത്സരം ബാക്കിയുണ്ട് എന്നതാണ് ആരാധകര്‍ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കുന്നത്.

നാല് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയുമായാണ് യു.എസ്.എ രണ്ടാമതുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ടീമിന് മത്സരങ്ങളൊന്നും തന്നെ ഇനി ബാക്കിയില്ല. +0.788 ആണ് യു.എസ്.എയുടെ നെറ്റ് റണ്‍ റേറ്റ്.

യു.എസ്.എ. Photo: ICC

അതേസമയം, മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയുമായാണ് പാകിസ്ഥാന് നാല് പോയിന്റുള്ളത്. ഇന്ത്യയ്‌ക്കെതിരായ തോല്‍വി നെറ്റ് റണ്‍ റേറ്റിലും വലിയ തോതില്‍ പ്രതിഫലിച്ചു. നിലവില്‍ -0.403 എന്ന നെറ്റ് റണ്‍ റേറ്റാണ് പാകിസ്ഥാനുള്ളത്.

പാകിസ്ഥാന്‍. Photo: ICC

ഫെബ്രുവരി 18ന് നമീബിയക്കെതിരെയാണ് പാകിസ്ഥാന്റെ അവസാന ഗ്രൂപ്പ് ഘട്ട് മത്സരം. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി. ഈ മത്സരത്തില്‍ ജയിക്കണമെന്നില്ല, തോല്‍ക്കാതിരുന്നാല്‍ മാത്രം മതി പാകിസ്ഥാന് സൂപ്പര്‍ 8ല്‍ പ്രവേശിക്കാം. മോശം കാലാവസ്ഥ മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ മത്സരം ഉപേക്ഷിച്ചാലും പാകിസ്ഥാന് സൂപ്പര്‍ 8 പ്രവേശനം സാധ്യമാകും.

എന്നാല്‍ പാകിസ്ഥാന്‍ നമീബിയക്കെതിരെ പരാജയപ്പെടുകയാണെങ്കില്‍ 2024 ലോകകപ്പിന് സമാനമായി ഇന്ത്യയ്‌ക്കൊപ്പം യു.എസ്.എ ആകും സൂപ്പര്‍ 8ന് യോഗ്യത നേടുക.

2024 ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് യു.എസ്.എ സൂപ്പര്‍ 8ന് ടിക്കറ്റെടുത്തത്. സൂപ്പര്‍ ഓവറിലായിരുന്നു യു.എസ്.എയുടെ വിജയം. ഈ തോല്‍വിയോടെയാണ് പാകിസ്ഥാന്റെ സാധ്യതകളും അവസാനിച്ചത്.

ഫെബ്രുവരി 18 നമീബിയയോട് പരാജയപ്പെടുകയാണെങ്കില്‍ ഇത്തവണയും സൂപ്പര്‍ 8 മത്സരങ്ങള്‍ പാകിസ്ഥാന്‍ ടി.വിയില്‍ കാണേണ്ടി വന്നേക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം ശേഷിക്കുന്ന നെതര്‍ലന്‍ഡ്‌സിനും സൂപ്പര്‍ 8ല്‍ പ്രവേശിക്കാന്‍ തത്വത്തില്‍ സാധ്യതയുണ്ടെങ്കിലും -1.352 എന്ന നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന തരത്തില്‍ ഒരു പടുകൂറ്റന്‍ വിജയം ഇന്ത്യയ്‌ക്കെതിരെ ഡച്ച് പട നേടുമെന്ന് കരുതുക വയ്യ.

 

Content Highlight: Pakistan finish third in T20 World Cup Group A

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.