അടൂരിന്റെ സിനിമക്ക് U/A 13+ സര്‍ട്ടിഫിക്കറ്റ്, പദയാത്രയില്‍ ട്രാക്ക് മാറ്റിപ്പിടിച്ചെന്നും സംഭവം ഇറുക്കെന്നും സിനിമാപേജുകള്‍
Malayalam Cinema
അടൂരിന്റെ സിനിമക്ക് U/A 13+ സര്‍ട്ടിഫിക്കറ്റ്, പദയാത്രയില്‍ ട്രാക്ക് മാറ്റിപ്പിടിച്ചെന്നും സംഭവം ഇറുക്കെന്നും സിനിമാപേജുകള്‍
അമര്‍നാഥ് എം.
Friday, 26th June 2026, 7:02 pm

ഇന്ത്യന്‍ സിനിമയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയവരില്‍ പ്രധാനിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അര നൂറ്റാണ്ടിലേറെയായ സിനിമാകരിയറില്‍ ആകെ 12 സിനിമകളാണ് അടൂര്‍ ഒരുക്കിയത്. ഇതില്‍ പലതും ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം മറ്റൊരു സിനിമയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ എത്തുകയാണ്.

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുമായി ഒന്നിക്കുന്ന പദയാത്ര ഈ വര്‍ഷമാണ് റിലീസ്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഷൂട്ട് ആരംഭിച്ച പദയാത്ര മാര്‍ച്ച് പകുതിയോടെ പാക്കപ്പ് ആവുകയായിരുന്നു. ഇപ്പോഴിതാ ചിത്രം സെന്‍സറിങ് പൂര്‍ത്തിയാക്കിയെന്നാണ് പുതിയ വാര്‍ത്ത.

പദയാത്ര Photo: Theatrical poster

U/A 13+ സര്‍ട്ടിഫിക്കറ്റാണ് പദയാത്രക്ക് ലഭിച്ചത്. 113 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഡോക്ടറെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍ ദേവദാസിന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നതോടെ വ്യത്യസ്തമായ ചില ചര്‍ച്ചകള്‍ സിനിമാേജുകളില്‍ ആരംഭിച്ചു.

അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമിക്ക് U/A 13+ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് പലരിലും സംശയമുണര്‍ത്തുന്നു. ആര്‍ട്ട് സിനിമകള്‍ മാത്രം ചെയ്തിട്ടുള്ള അടൂര്‍ പദയാത്രയില്‍ ട്രാക്ക് മാറ്റിപ്പിടിച്ചിട്ടുണ്ടെന്നും സര്‍പ്രൈസ് എലമെന്റുകള്‍ ചിത്രത്തില്‍ ഉണ്ടായേക്കുമെന്നുമാണ് പലരുടെയും കമന്റുകള്‍. കരിയറിലെ ആദ്യ ആക്ഷന്‍ ചിത്രമായിരിക്കും അടൂര്‍ ഒരുക്കിയതെന്നും ചിലര്‍ പ്രവചിക്കുന്നുണ്ട്.

പദയാത്ര Photo: All hail the king/ X.com

എന്നാല്‍ ഇത്തരം കമന്റുകളെ നിഷേധിച്ചുകൊണ്ടുള്ള മറുപടികളും ശ്രദ്ധ നേടുന്നുണ്ട്. അടൂരിന്റെ സ്ഥിരം ശൈലിയിലുള്ള ആര്‍ട്ട് പടം തന്നെയായിരിക്കും പദയാത്രയെന്നാണ് പലരുടെയും മറുപടി. കരിയറില്‍ മികച്ച സിനിമകളും കഥാപാത്രങ്ങളും നല്‍കിയ അടൂരിന് മമ്മൂട്ടി നല്‍കുന്ന ഗുരുദക്ഷിണയാണ് പദയാത്രയെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

പൂയംകുട്ടിയിലെ വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് പദയാത്രയിലുള്ളത്. മമ്മൂട്ടിക്ക് പുറമെ അനു സിതാര, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഭ്രമയുഗം, ഡീയസ് ഈറേ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഷെഹ്നാദ് ജലാലും എക്കോ. കിഷ്‌കിന്ധാകാണ്ഡം തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം നല്‍കിയ മുജീബ് മജീദും പദയാത്രയുടെ ഭാഗമാണ്.

Content Highlight: Padayathra movie got U/A 13+ certificate

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം