നിവിന്‍ പോളി നായകനായ പടവെട്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്. കൊച്ചിയിലെ ഐ.എസ്.എല്‍ ഉദ്ഘാടന മത്സര വേദിയിലായിരുന്നു പടവെട്ടിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. മഞ്ഞപ്പടക്ക് മുമ്പില്‍ നില്‍ക്കാന്‍ സാധിച്ചത് സന്തോഷമാണെന്ന് നിവിന്‍ പറഞ്ഞു. ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മഞ്ഞപ്പടക്ക് മുമ്പില്‍ ഒരു ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒരു നാട്ടില്‍ നടക്കുന്ന പാര്‍ട്ടികളുടെ പ്രശ്‌നങ്ങളിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ കടന്നുപോകുന്നത്. രവി എന്ന കഥാപാത്രമായാണ് നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്.

ഒക്ടോബര്‍ 21ന് പടവെട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗോവിന്ദ് മേനോനാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വി.എഫ്.എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്.

വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സഹില്‍ ശര്‍മ്മ കോ-പ്രൊഡ്യൂസറാണ്. ബിബിന്‍ പോള്‍, സുരാജ് കുമാര്‍, അക്ഷയ് വല്‍സംഗ്ക്കര്‍ ആശിഷ് മെഹ്റ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Content Highlight: padavettu trailer out nivin pauly