അങ്ങനെ ഒരു ബില്ലില്ല; മുഖ്യമന്ത്രി ആര്‍.എസ്.എസ് അജണ്ടയ്ക്ക് ഇല്ലാത്ത നിയമസാധുത നല്‍കുന്നു; വന്ദേമാതരം വിവാദത്തില്‍ പി. രാജീവ്
Kerala
അങ്ങനെ ഒരു ബില്ലില്ല; മുഖ്യമന്ത്രി ആര്‍.എസ്.എസ് അജണ്ടയ്ക്ക് ഇല്ലാത്ത നിയമസാധുത നല്‍കുന്നു; വന്ദേമാതരം വിവാദത്തില്‍ പി. രാജീവ്
റെന്വര്‍ പി
Thursday, 13th August 2026, 8:29 pm

തിരുവനന്തപുരം: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശന്‍ ആര്‍.എസ്.എസ്. അജണ്ടയ്ക്ക് ഇല്ലാത്ത നിയമസാധുത നല്‍കി പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ പി. രാജീവ് വന്ദേമാതരം മുഴുവനായി പാടണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ലും കേന്ദ്രം പാസാക്കിയില്ല. അങ്ങനെ പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്ന് രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘നിയമം പാസാക്കി പ്രസിഡന്റ് ഒപ്പുവെച്ച് നോട്ടിഫിക്കേഷനായി വന്നിട്ടുണ്ട്. ആ നിയമത്തില്‍ അത് (വന്ദേമാതരം) മുഴുവന്‍ പാടണമെന്നാണ്. നിയമപരമായി പറയുന്നതാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്. അതിനെ അധിക്ഷേപിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷയുണ്ട്,’ എന്ന് വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആധികാരികമായി പ്രഖ്യാപിച്ചത് തെറ്റാണെന്ന് രാജീവ് പറഞ്ഞു.

വന്ദേമാതരം മുഴുവനായി പാടണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ലും പാര്‍ലമെന്റ് പാസാക്കിയിട്ടില്ലെന്നും രാജീവ് പറഞ്ഞു. ”എത്ര സമര്‍ത്ഥമായാണ് കേരള മുഖ്യമന്ത്രി ആര്‍.എസ്.എസ്. അജണ്ടയ്ക്ക് ഇല്ലാത്ത നിയമസാധുത നല്‍കി പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് നോക്കൂ,’ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വന്ദേമാതരം പാടുന്നത് തടയുന്നതും പാടുമ്പോള്‍ ശല്യമുണ്ടാക്കുന്നതും കുറ്റകരമാക്കുന്ന നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയതെന്നും രാജീവ് ചൂണ്ടിക്കാട്ടി. ആ ബില്ലിന്റെയും ഒരു സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള വാര്‍ത്തയുടെയും ഇമേജുകളും പോസ്റ്റിനൊപ്പം രാജീവ് പങ്കുവച്ചിട്ടുണ്ട്. വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2026-ലെ മാര്‍ഗ്ഗനിര്‍ദ്ദേശം ഉപദേശ സ്വഭാവത്തിലുള്ളത് മാത്രമാണെന്നും അതുകൊണ്ട് ഇടപെടുന്നില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള വാര്‍ത്തയുടെ ഇമേജാണ് അദ്ദേഹം പങ്കുവച്ചത്.

യഥാര്‍ത്ഥത്തില്‍ ഭരണഘടനയില്‍ (ആര്‍ട്ടിക്കിള്‍ 51 എ) ദേശീയഗാനവും ദേശീയപതാകയുമാണ് അംഗീകരിച്ചിട്ടുള്ളൂവെന്നും രാജീവ് പറഞ്ഞു. ദേശീയഗാനത്തിന് തുല്യമായി വന്ദേമാതരത്തിനും ബഹുമാനം നല്‍കണമെന്ന് ഭരണഘടനാ അസംബ്ലി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പ്രഖ്യാപിച്ചെങ്കിലും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയില്ല. അതുകൊണ്ടാണ് ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം നിര്‍ബന്ധമായും പാടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളൊന്നും കോടതികള്‍ അനുവദിക്കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടന അംഗീകരിച്ച ദേശീയഗാനം പോലും പാടാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്നാണ് ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീം കോടതി വിധിച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും ദേശീയഗാനം ആലപിക്കണമെന്ന് ഭരണഘടനയോ നിയമമോ പറയുന്നില്ലെന്നും ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നാല്‍ ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന ആദരവായെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അപ്പോഴാണ് വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം ജയില്‍ ശിക്ഷ കിട്ടുന്ന നിയമം രാജ്യത്ത് വന്നുകഴിഞ്ഞെന്ന നുണ മുഖ്യമന്ത്രിയായ ഒരാള്‍ തന്നെ ആധികാരികമെന്ന മട്ടില്‍ അവതരിപ്പിച്ച് പൊതുബോധം നിര്‍മ്മിക്കുന്നതെന്നും രാജീവ് പറഞ്ഞു. ‘ഇങ്ങനെ നിയമമുണ്ടായിട്ടും ഞങ്ങള്‍ സ്വാതന്ത്ര്യദിനത്തില്‍ മുഴുവനും പാടിയില്ലെന്നും വേണമെങ്കില്‍ മൂന്നു വര്‍ഷം ജയിലില്‍ കിടക്കാനും തയ്യാറെന്ന് അടുത്ത വൈകാരിക നുണയ്ക്കായി പരിസരം ഒരുക്കിയതാകാം,’ എന്നും മുഖ്യമന്ത്രിയുടെ അവകാശവാദത്തെക്കുറിച്ച് രാജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എത്ര സമര്‍ത്ഥമായാണ് കേരള മുഖ്യമന്ത്രി ആര്‍.എസ്.എസ്. അജണ്ടയ്ക്ക് ഇല്ലാത്ത നിയമസാധുത നല്‍കി പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് നോക്കൂ. ‘നിയമം പാസാക്കി പ്രസിഡന്റ് ഒപ്പുവെച്ച് നോട്ടിഫിക്കേഷനായി വന്നിട്ടുണ്ട്. ആ നിയമത്തില്‍ അത് (വന്ദേമാതരം) മുഴുവന്‍ പാടണമെന്നാണ്.

നിയമപരമായി പറയുന്നതാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമമാണ്. അതിനെ അധിക്ഷേപിക്കുകയോ ചെയ്യാതിരിക്കുകയോ ചെയ്താല്‍ മൂന്നു വര്‍ഷം വരെ തടവുശിക്ഷയുണ്ട്.’ഇതാണ് ഇന്നത്തെ മാധ്യമസമ്മേളനത്തില്‍ ആധികാരികമായി പ്രഖ്യാപിച്ചത്. വന്ദേമാതരം മുഴുവനായി പാടണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ലും പാര്‍ലമെന്റ് പാസാക്കിയിട്ടില്ല. വന്ദേമാതരം പാടുന്നത് തടയുന്നതും പാടുമ്പോള്‍ ശല്യമുണ്ടാക്കുന്നതും കുറ്റകരമാക്കുന്ന നിയമമാണ് ഇപ്പോള്‍ പാര്‍ലമെന്റ് പാസാക്കിയത്.

വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2026-ലെ മാര്‍ഗ്ഗനിര്‍ദ്ദേശം ഉപദേശ സ്വഭാവത്തിലുള്ളത് മാത്രമാണെന്നും അതുകൊണ്ട് ഇടപെടുന്നില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവിന്റെ മാധ്യമ റിപ്പോര്‍ട്ടാണ് രണ്ടാമത്തേത്.

യഥാര്‍ത്ഥത്തില്‍ ഭരണഘടനയില്‍ (ആര്‍ട്ടിക്കിള്‍ 51 എ) ദേശീയഗാനവും ദേശീയപതാകയുമാണ് അംഗീകരിച്ചിട്ടുള്ളൂ. ദേശീയഗാനത്തിന് തുല്യമായി വന്ദേമാതരത്തിനും ബഹുമാനം നല്‍കണമെന്ന് ഭരണഘടനാ അസംബ്ലി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പ്രഖ്യാപിച്ചെങ്കിലും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയില്ല. അതുകൊണ്ടാണ് ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം നിര്‍ബന്ധമായും പാടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളൊന്നും കോടതികള്‍ അനുവദിക്കാത്തത്.

ഭരണഘടന അംഗീകരിച്ച ദേശീയഗാനം പോലും പാടാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്നാണ് ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീം കോടതി വിധിച്ചത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്നും ദേശീയഗാനം ആലപിക്കണമെന്ന് ഭരണഘടനയോ നിയമമോ പറയുന്നില്ലെന്നും ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്നാല്‍ ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന ആദരവായെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അപ്പോഴാണ് വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം ജയില്‍ ശിക്ഷ കിട്ടുന്ന നിയമം രാജ്യത്ത് വന്നുകഴിഞ്ഞെന്ന നുണ മുഖ്യമന്ത്രിയായ ഒരാള്‍ തന്നെ ആധികാരികമെന്ന മട്ടില്‍ അവതരിപ്പിച്ച് പൊതുബോധം നിര്‍മ്മിക്കുന്നത്.

വാല്‍ക്കഷ്ണം: ഇങ്ങനെ നിയമമുണ്ടായിട്ടും ഞങ്ങള്‍ സ്വാതന്ത്ര്യദിനത്തില്‍ മുഴുവനും പാടിയില്ലെന്നും വേണമെങ്കില്‍ മൂന്നു വര്‍ഷം ജയിലില്‍ കിടക്കാനും തയ്യാറെന്ന് അടുത്ത വൈകാരിക നുണയ്ക്കായി പരിസരം ഒരുക്കിയതാകാം!

Content Highlight: P Rajeev Response Vande Mataram Row- Says VD Satheesan Try to Manipulate

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.