സ്വന്തം നിലപാടുകള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിന്റെ പേരില്‍ പറയേണ്ട കാര്യങ്ങള്‍ പറയാതിരുന്നിട്ടില്ലെന്ന് നടി പാര്‍വതി തിരുവോത്ത്.

നിലപാടുകള്‍ വ്യക്തമാക്കിയതോടെ ചില സൗഹൃദങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും, സിനിമയിലെത്തിയ കാലം മുതല്‍ തനിക്കൊപ്പം നിന്നവരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും പാര്‍വതി പറഞ്ഞു.

തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുമ്പോള്‍ മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്ന അടിസ്ഥാന മര്യാദയുടെയും മനസ്സിലാക്കലിന്റെയും കുറവ് തുടക്കത്തില്‍ തന്നെ വേദനിപ്പിച്ചിരുന്നുവെന്നും പാര്‍വതി വ്യക്തമാക്കി. എന്നാല്‍ പിന്നീട് അത്തരം പ്രതീക്ഷകള്‍ മാറ്റിവെക്കാന്‍ പഠിച്ചെന്നും താരം പറഞ്ഞു.

‘പറയുമ്പോള്‍ നമ്മള്‍ എക്സ്പെക്റ്റ് ചെയ്യുന്ന ഒരു അണ്ടര്‍സ്റ്റാന്‍ഡിങ് ഉണ്ടല്ലോ. ആള്‍ക്കാരില്‍ നിന്ന് ഒരു ബേസിക് ഡീസന്‍സി ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അത് പോയിക്കിട്ടി. പക്ഷേ അതുകൊണ്ട് ഞാന്‍ സ്റ്റോപ്പ് ചെയ്തില്ല. വേറൊരു കള്‍ച്ചറിനെയോ ആള്‍ക്കാരെയോ എനിക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ല. എനിക്ക് എന്റെ പ്രതീക്ഷകളെ മാത്രമേ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റൂ. ആ പ്രതീക്ഷ ഞാന്‍ മാറ്റി’, പാര്‍വതി പറഞ്ഞു.

നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെട്ടപ്പോഴും സുഹൃത്തുക്കള്‍ ഒപ്പം നിന്നിരുന്നോ എന്ന ചോദ്യത്തിനും പാര്‍വതി മറുപടി നല്‍കി. താന്‍ ഭാഗ്യവതിയാണെന്നും സിനിമയിലെത്തിയ കാലം മുതല്‍ അടുത്തറിയുന്നവരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും ജീവിതത്തിലുണ്ടെന്നും താരം പറഞ്ഞു.

‘ ആ കാര്യത്തില്‍ ഞാന്‍ വെരി ലക്കിയാണ്. സിനിമാ ഇന്‍ഡസ്ട്രിയില്‍ തുടങ്ങുന്ന സമയം വെച്ചു നോക്കുകയാണെങ്കില്‍ ഒരു പത്ത് പേരെ എടുക്കുകയാണെങ്കില്‍ അതില്‍ രണ്ട് പേര്‍ മാത്രമേ ഇപ്പോള്‍ എന്റെ ലൈഫില്‍ ഇല്ലാതെ ഉള്ളൂ. അവര്‍ അവരുടെ ജീവിതത്തിലും നന്നായി പോകുന്നുണ്ട്. അതുകൊണ്ട് എനിക്ക് ഒരു പേഴ്‌സണല്‍ ഗ്രഡ്‌ജോ അങ്ങനെ ഒന്നുമില്ല’, പാര്‍വതി വ്യക്തമാക്കി.

ഒരാള്‍ക്കൊപ്പം എന്നും ഒരേ രീതിയില്‍ തന്നെ തുടരണമെന്ന നിര്‍ബന്ധം സൗഹൃദങ്ങള്‍ക്കിടയിലും ഉണ്ടാകരുതെന്നാണ് തന്റെ നിലപാടെന്നും പാര്‍വതി പറഞ്ഞു. കാലക്രമേണ ആളുകളുടെ മൂല്യബോധത്തിലും കാഴ്ചപ്പാടുകളിലും മാറ്റം വരാമെന്നും അത് അംഗീകരിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘യഥാര്‍ഥത്തില്‍ നമ്മള്‍ ആളുകളെ നഷ്ടപ്പെടുത്തണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആരും നമ്മളുടെ മേല്‍ ഒരു ഒബ്ലിഗേഷന്‍ കാരണം നില്‍ക്കാന്‍ പാടില്ല. ഒരുപക്ഷേ നമ്മള്‍ വളരെ നല്ല സുഹൃത്തുക്കളായിട്ടുള്ള ആള്‍ക്കാര്‍ കുറച്ചുകാലം കഴിയുമ്പോള്‍ നമ്മളില്‍ നിന്ന് സെപ്പറേറ്റ് ആയിട്ട് അങ്ങ് പോകും. വാല്യൂ സിസ്റ്റം മാറും. അത് മാറാന്‍ ആളുകളെ അനുവദിക്കണം’, പാര്‍വതി പറഞ്ഞു.

ഇന്ന് താന്‍ പറയുന്ന കാര്യങ്ങളോട് ഭാവിയില്‍ തനിക്ക് തന്നെ യോജിപ്പില്ലാതാകാനുള്ള സാധ്യതയുണ്ടെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷമോ പത്ത് വര്‍ഷമോ കഴിഞ്ഞ് താന്‍ ഇതേ വിഷയത്തില്‍ സംസാരിക്കുമ്പോള്‍ ഇന്നത്തെ നിലപാടുകളുമായി തനിക്ക് ചിലപ്പോള്‍ യോജിക്കാന്‍ കഴിയണമെന്നില്ലെന്നും താരം പറഞ്ഞു.

‘ആരും, ഈ ഞാന്‍ പോലും, എപ്പോഴും സെയിം ആയിരിക്കണം എന്നൊരു കരാര്‍ ഒപ്പിട്ടിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഈ ഇന്റര്‍വ്യൂവില്‍ ചില കാര്യങ്ങളൊക്കെ പറഞ്ഞു. ചിലപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞോ പത്ത് വര്‍ഷം കഴിഞ്ഞോ ഞാന്‍ സംസാരിക്കുമ്പോള്‍ ഇതുമായി റിലേറ്റ് ചെയ്യാന്‍ പോലും എനിക്ക് കഴിഞ്ഞെന്നുവരില്ല. ഞാന്‍ സെയിം ആയിരിക്കും എന്ന് ആരോടും കരാര്‍ ഒപ്പിടുന്നില്ല. അപ്പോള്‍ വേറൊരാള്‍ സെയിം ആയിരിക്കണമെന്ന് ഞാന്‍ എക്‌സ്‌പെക്റ്റ് ചെയ്യുന്നതും മോശമാണ്’, പാര്‍വതി പറഞ്ഞു.

Content Highlight:  Everyone except two people is still with me says Parvathy Thiruvoth