ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിക്കുവേണ്ടി കൃത്രിമങ്ങള്‍ നടത്താന്‍ ശ്രമിച്ച ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി. ഭഗത് സിങിന്റെ 119-ാം ജന്മദിന വേളയില്‍ ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും പോരാടാന്‍ ഭഗത് സിങിന്റെ ത്യാഗവും സ്മരണയും വലിയൊരു പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ഭരണകാലത്ത് പൊരുതുന്നവര്‍ക്കെതിരായ ചില കരിനിയമങ്ങള്‍ പാസാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഉറങ്ങിക്കിടക്കുന്ന ഇന്ത്യയിലെ കുറേ ആളുകളെ ഉണര്‍ത്താനായി ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ കുറച്ച് ഏറുപടക്കങ്ങള്‍ എറിഞ്ഞതെന്ന് അ്‌ദ്ദേഹം ഓര്‍മിപ്പിച്ചു.
ഭഗത് സിങിന്റെ ജന്മദിനം ജനാധിപത്യ സംരക്ഷണദിനമായാണ് ഇടതുപാര്‍ട്ടികള്‍ ആചരിച്ചത്. എ.കെ.ജി ഭവനില്‍ നിന്നും ഭഗത് സിങിന്റെ പ്രതിമയ്ക്കുമുന്നിലേക്ക് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.പി.ഐ.എം പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
‘മാധ്യമപ്രവര്‍ത്തകയായ റിതിക ചോപ്ര നടത്തിയ സൂക്ഷ്മമായ ഗവേഷണത്തിലൂടെ, കേന്ദ്ര ഭരണകക്ഷിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമങ്ങള്‍ നടത്തിയതായി വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മൂന്നംഗ ഇലക്ഷന്‍ കമ്മീഷനിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണറായ ഗ്യാനേഷ് കുമാറിന് ഇനി ഒരു നിമിഷം പോലും ഈ സ്ഥാനത്ത് തുടരാനുള്ള ധാര്‍മിക അവകാശമില്ല. ജനാധിപത്യ മേഖലയില്‍ കുറ്റക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടും ഭരണനേതൃത്വം ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കുകയാണ്’, അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുക, ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ എസ്.ഐ.ആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കുക, എസ്.ഐ.ആര്‍ വഴി വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട അര്‍ഹരായ എല്ലാ വോട്ടര്‍മാരെയും തിരികെ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സമരവുമായി മുന്നോട്ടു പോകുമെന്നും സെപ്റ്റംബര്‍ 30 ന് ഇന്ത്യ ബ്ലോക്കിന്റെ യോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ പാര്‍ട്ടികളും (സി.പി.ഐ.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക്) പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യവും ചേര്‍ന്ന് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ സിവില്‍ സൊസൈറ്റി, സാമൂഹ്യ സംഘടനകള്‍, ബുദ്ധിജീവികള്‍, പൊതുജനങ്ങള്‍ എന്നിവരെ മുഴുവന്‍ ഏകോപിപ്പിച്ചുള്ള ഒരു മഹാപ്രക്ഷോഭമാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.
Content Highlight: Opposition parties and and the public should unite against Gyanesh Kumar, says M A Baby.
