ooommenഅരുവിക്കര തെരഞ്ഞെടുപ്പു ഫലം വന്നിരിക്കുകയാണ്. ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടങ്ങളില്‍ നിറഞ്ഞുനിന്നെങ്കിലും അതൊന്നും യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പു തകര്‍ച്ചയിലേക്ക് നയിച്ചില്ല. യു.ഡി.എഫ് വിജയത്തിന്റെ ക്രഡിറ്റ് പ്രതിപക്ഷം നല്‍കുന്നത് പ്രധാനമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്.

അരുവിക്കരയില്‍ ഭരണവിരുദ്ധ വോട്ടുകള്‍ നേടാന്‍ ബി.ജെ.പിയെ ഉമ്മന്‍ചാണ്ടി സഹായിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ ദിവസം അരുവിക്കരയില്‍ ഉമ്മന്‍ചാണ്ടി നടത്തിയ പത്രസമ്മേളനമാണ് അദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിപക്ഷം ഉപയോഗിക്കുന്നത്.

അരുവിക്കരയില്‍ സി.പി.ഐ.എം മൂന്നാം സ്ഥാനത്തേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഭരണവിരുദ്ധ വികാരത്തെ തന്ത്രപരമായി ബി.ജെ.പിക്ക് അനുകൂലമാക്കിയെടുക്കാനുളള ഉമ്മന്‍ചാണ്ടിയുടെ  ട്രിക്കായിരുന്നു ഇതെന്താണ് ഇടതുനിരീക്ഷകര്‍ ആരോപിക്കുന്നത്.

രാജഗോപാലന്‍ സ്ഥാനാര്‍ഥിയായതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നാണ് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞത്. “എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും, അതിനാല്‍ തങ്ങള്‍ക്ക് വോട്ടു ചെയ്യണമെന്ന് ന്യൂനപക്ഷങ്ങളോട് ആവശ്യപ്പെടുക” എന്ന തന്ത്രമാണ് ഉമ്മന്‍ചാണ്ടി ഇവിടെ പ്രയോഗിച്ചതെന്നാണ് പിണറായിയുടെ നിരീക്ഷണം.

മതസാമുദായിക ധ്രുവീകരണത്തിനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമവും അരുവിക്കരയില്‍ ലക്ഷ്യം കണ്ടു എന്നും വിലയിരുത്തലുകളുണ്ട്. നെയ്യാറ്റിന്‍കര ബിഷപ്പിനെ സ്വാധീനിച്ച് പി.സി ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണിക്കു പോകേണ്ട നാടാര്‍, ക്രിസ്ത്യന്‍ വോട്ടുകള്‍ സ്‌ക്വാഡുകളെ ഇറക്കി യു.ഡി.എഫിന് അനുകൂലമാക്കി മാറ്റാനും ഉമ്മന്‍ചാണ്ടിക്കു സാധിച്ചു.

അതേസമയം, കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനു അനുകൂലമായ സഹതാപതരംഗത്തിന് ശബരീനാഥിന്റെ വിജയത്തില്‍ വലിയ പങ്കുണ്ട്. ആ സഹതാപതരംഗം മുന്നില്‍ക്കണ്ട് കാര്‍ത്തികേയന്റെ മകനെ അല്ലെങ്കില്‍ ഭാര്യയെ സ്ഥാനാര്‍ഥിയാക്കുകയെന്ന തന്ത്രം പ്രയോഗിച്ചതും ഉമ്മന്‍ചാണ്ടിയുടെ വിജയമാണ്.

പലപ്പോഴും ഇടതുപക്ഷം ജനം ഇങ്ങനെ ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്നു. ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും ജനം എന്താണ് ചിന്തിക്കുന്നതെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നു.