ebola01ന്യൂദല്‍ഹി: ലൈബീരിയയില്‍ എബോള ബാധിച്ച ഇന്ത്യക്കാരന്‍ മരിച്ചു. വിദശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു ഇന്ത്യക്കാരന്‍ മാത്രമാണ് ലൈബീരിയയില്‍ എബോളയെത്തുടര്‍ന്ന് മരിച്ചതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തി.

ലൈബീരിയയില്‍ ഫാര്‍മസി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് അമീറാണ് മരണപ്പെട്ടത്. സെപ്തംബര്‍ ഏഴിനാണ് ഇയാള്‍ മരണപ്പെട്ടതെന്ന് വിദേശ്യകാര്യ സഹമന്ത്രി വി.കെ സിങ് ലോക്‌സഭയെ അറിയിച്ചു. ലൈബീരിയിലുള്ള ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചാല്‍ അടിയന്തര ചികിത്സ നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിങ് പറഞ്ഞു.

എബോള ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലെ ഇന്ത്യക്കാരുമായി സന്നദ്ധ പ്രവര്‍ത്തകര്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് അവരുടെ രക്ഷയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അമീറിന്റെ ബന്ധുക്കളെ അദ്ദേഹത്തിന്റെ മരണവിവരം അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം പ്രാദേശികമായി തന്നെ അടക്കം ചെയ്തു എന്നുമാണ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് ലഭിച്ച വിവരമെന്നും സിങ് ലോക്‌സഭയില്‍ വ്യക്തമാക്കി.

ഈ മാസം 10ന് ലൈബീരിയയില്‍ നിന്നും തിരിച്ചെത്തിയ ഒരു വ്യക്തിയില്‍ എബോള രോഗം കണ്ടെത്തിയിരുന്നു. ലൈബീരിയയില്‍ വച്ച്  രോഗം ബാധിച്ച ഇദ്ദേഹം അസുഖം മാറിയതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ എത്തിയിരുന്നത്. എന്നാല്‍ ദല്‍ഹി വിമാനത്താവളത്തില്‍ വച്ച് നടത്തിയ ബീജ പരിശോധനയില്‍ ഇയാളില്‍ രോഗം കണ്ടെത്തുകയായിരുന്നു. ഇയാളെ വിമാനത്താവളത്തിലെ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ നിരീക്ഷിച്ചുവരികയാണ്.

അതേസമയം എബോള ബാധിതരുടെ എണ്ണം 15,000 കവിഞ്ഞു. ഇതുവരെ ഈ രോഗത്തെത്തുടര്‍ന്ന് എട്ട് രാജ്യങ്ങളില്‍ നിന്നായി 5420 പേരാണ് മരണത്തിന് കീഴടങ്ങിയത്.